ഹമാസ് തടങ്കലിൽ രണ്ട് ഇസ്രേലി ബന്ദികൾ കൊല്ലപ്പെട്ടു
Tuesday, July 23, 2024 1:36 AM IST
ജറൂസലെം: ഹമാസ് തടങ്കലിൽ രണ്ട് ഇസ്രേലി ബന്ദികൾ മാസങ്ങൾക്കു മുന്‍പ് കൊല്ലപ്പെട്ടതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. അലക്സ് ഡാൻസിഗ് (76), യാഗേവ് ബുക്ഷ്താബ് (35) എന്നിവരാണു ഗാസയിൽ കൊല്ലപ്പെട്ടത്. ഇവരിലൊരാൾ ഇസ്രേലി ആക്രമണത്തിനിടെയാണു കൊല്ലപ്പെട്ടതെന്നു റിപ്പോർട്ടുണ്ട്.
ഇക്കാര്യം അന്വേഷിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. 2023 ഒക്ടോബർ ഏഴിന് കിബുട്സ് നിറിമിൽനിന്നാണ് യാഗേവ് ബുക്ഷ്താബിനെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനൊപ്പം ഭാര്യ റിമോണ്‍ കിർഷ്തിനെയും തട്ടിക്കൊണ്ടുപോയിരുന്നു.
എന്നാൽ, റിമോണിനെ നവംബർ 28നു മോചിപ്പിച്ചു. കിബുട്സ് നിർ ഓസിൽനിന്നാണ് അലക്സ് ഡാൻസിഗിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു ബന്ദികളിലൊരാൾ പട്ടിണിമൂലമാണു മരിച്ചതെന്ന് ഹമാസ് അറിയിച്ചിരുന്നു.
രണ്ടായിരത്തിലേറെ ഇസ്രേലി സൈനികരെ സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങൾ ഹമാസ് തീവ്രവാദികൾ ശേഖരിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നു. സൈനികരുടെ പേര്, ഫോണ്‍ നന്പറുകൾ, ബാങ്ക് വിവരങ്ങൾ, ലൈസൻസ് വിവരങ്ങൾ തുടങ്ങിയവയാണ് ഹമാസ് ശേഖരിച്ചത്.