ഹമാസിന്റെ യുദ്ധക്കുറ്റങ്ങൾ വിവരിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച്
Thursday, July 18, 2024 1:55 AM IST
ലണ്ടൻ: ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ ഹമാസും മറ്റ് പലസ്തീൻ തീവ്രവാദ സംഘടനകളും നൂറുകണക്കിന് യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്.
ഇസ്രേലികൾക്കെതിരേ ബോധപൂര്‍വവും വിവേചനരഹിതവുമായ ആക്രമണങ്ങള്‍ നടന്നുവെന്ന് സംഘടനയുടെ അസോസിയേറ്റ് ഡയറക്ടര്‍ ബെല്‍കിസ് വില്ലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കസ്റ്റഡിയിലുള്ളവരെ കൊലപ്പെടുത്തല്‍, മനുഷ്യത്വരഹിത പെരുമാറ്റം, ലൈംഗിക പീഡനം, ബന്ദിയാക്കല്‍, മൃതദേഹങ്ങള്‍ വികൃതമാക്കൽ, കൊള്ള, മനുഷ്യരെ പരിചകളാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ പലസ്തീൻ തീവ്രവാദികൾ ചെയ്തു. ഹമാസ് ആയിരുന്നു ആക്രമണത്തിന്റെ സംഘാടകർ. പലസ്തീൻ ഇസ്ലാമിക് ജിഹാദ് പോലുള്ള മറ്റു തീവ്രവാദ സംഘടനകളും ആക്രമണത്തിൽ പങ്കെടുത്തു.
ഗാസയ്ക്കു ചുറ്റുമുള്ള ഇസ്രേലി പ്രദേശങ്ങൾ, സൈനിക താവളങ്ങൾ മുതലായവയ്ക്കു നേർക്കുണ്ടായ ഭീകരാക്രമണം അവിശ്വസനീയമാംവിധം സംഘടിതവും ഏകോപിതവുമായിരുന്നു. തീവ്രവാദികൾ കണ്ണിൽകണ്ടവർക്കെല്ലാം നേർക്ക് വെടിയുതിർത്തു. വീടുകളിലേക്ക് ഗ്രനേഡുകൾ പ്രയോഗിച്ചു. വീടുകൾക്കും ആളുകൾക്കും തീയിട്ടു.
ഭീകരർ ഇസ്രേലികൾക്കു നേർക്കു നടത്തിയ ലൗൈംഗികപീഡനത്തിന്റെ തെളിവും റിപ്പോർട്ടിലുണ്ട്. കുറഞ്ഞത് മൂന്നു സ്ഥലങ്ങളിലെങ്കിലും ബലാത്സംഗങ്ങൾ അരങ്ങേറി. ഇരകളിൽ പലരും കൊല്ലപ്പെട്ടതിനാൽ ലൈംഗികപീഡനങ്ങളുടെ കൃത്യമായ വ്യാപ്തി നിശ്ചയിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പക്ഷപാതത്തോടെയുള്ള നുണകളാണ് റിപ്പോർട്ടിലുള്ളതെന്നും തള്ളിക്കളയുകയാണെന്നും ഹമാസ് പ്രതികരിച്ചു.