പ്രചണ്ഡ രാജിവയ്ക്കണമെന്ന് നേപ്പാളി കോൺഗ്രസ്
Thursday, July 4, 2024 12:24 AM IST
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ രാജിവച്ച് പുതിയ സർക്കാരിനു വഴിയൊരുക്കണമെന്ന് നേപ്പാളി കോൺഗ്രസ് ആവശ്യപ്പെട്ടു. സിപിഎൻ-യുഎംഎലുമായി നേപ്പാളി കോൺഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. രാജിവയ്ക്കില്ലെന്നും പാർലമെന്റിൽ വിശ്വാസവോട്ട് തേടുമെന്നുമാണ് പ്രചണ്ഡയുടെ നിലപാട്.
നേപ്പാളി കോൺഗ്രസ് സെൻട്രൽ വർക് പെർഫോർമൻസ് കമ്മിറ്റി(സിഡബ്ല്യുസി) ഇന്നലെ പാർട്ടി അധ്യക്ഷൻ ഷേർ ബഹാദൂർ ദുബെയുടെ വസതിയിൽ യോഗം ചേർന്നു നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി.
ജനപ്രതിനിധി സഭയിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസിന് നിലവിൽ 89 സീറ്റും സിപിഎൻ-യുഎംഎല്ലിന് 78 സീറ്റുകളുമുണ്ട്. 275 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിനു 138 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ ഇരുകക്ഷികൾക്കും അനായാസം ഭൂരിപക്ഷം നേടാനാകും.
69കാരനായ പ്രചണ്ഡ ഒന്നര വർഷ കാലയളവിനിടെ പാർലമെന്റിൽ മൂന്ന് തവണ വിശ്വാസവോട്ട് നേടി. നേപ്പാളി കോൺഗ്രസ്, സിപിഎൻ-യുഎംഎൽ പാർട്ടികൾ സർക്കാർ രൂപവത്കരിച്ചാൽ രാജ്യത്ത് രാഷ്ട്രീയസ്ഥിരതയുണ്ടാകുമെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ 16 വർഷത്തിനിടെ നേപ്പാളിൽ 13 സർക്കാരുകളുണ്ടായി.