ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
Wednesday, July 3, 2024 1:51 AM IST
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും രാഷ്ട്രീയ അട്ടിമറിക്കു കളമൊരുക്കി നേപ്പാളി കോൺഗ്രസും സിപിഎൻ-യുഎംഎലും സഖ്യത്തിലെത്തി. പുതിയ ‘ദേശീയ സമവായ സർക്കാർ’ രൂപവത്കരിക്കുന്നതിന് ഇരുപാർട്ടികളും തിങ്കളാഴ്ച അർധരാത്രി ധാരണയായി.
രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റ് ഷേർ ബഹാദൂർ ദുബെയും രണ്ടാമത്തെ വലിയ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ-യുഎംഎൽ) ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ കെ.പി. ശർമ ഒലിയും തിങ്കളാഴ്ച അർധരാത്രി പുതിയ സഖ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി മുൻ വിദേശകാര്യ മന്ത്രി നാരായൺ പ്രകാശ് സൗദ് പറഞ്ഞു.
പ്രധാനമന്ത്രിസ്ഥാനം പങ്കിടാനാണ് ദുബെയും ഒലിയും തമ്മിലുള്ള ധാരണയെന്നും നേപ്പാളി കോൺഗ്രസ് നേതാവ് സൗദ് പറഞ്ഞു. പാർലമെന്റിന്റെ അവശേഷിക്കുന്ന മൂന്നു വർഷത്തിന്റെ ആദ്യ ടേം ഒലിക്കു നല്കുമെന്നാണു റിപ്പോർട്ട്.
ജനപ്രതിനിധി സഭയിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസിന് നിലവിൽ 89 സീറ്റും സിപിഎൻ-യുഎംഎല്ലിന് 78 സീറ്റുകളുമുണ്ട്. 275 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിനു 138 അംഗങ്ങളുടെ പിന്തുണയാണു വേണ്ടത്. നിലവിൽ ഇരുകക്ഷികൾക്കും അനായാസം ഭൂരിപക്ഷം നേടാനാകും.
എന്നാൽ, താൻ രാജിവയ്ക്കാൻ തയാറല്ലെന്നാണ് പുഷ്പ കമൽ ദഹൽ പ്രചണ്ഡ അറിയിച്ചിരിക്കുന്നത്. പാർലമെന്റിൽ അവിശ്വാസപ്രമേയത്തെ നേരിടാനാണ് പ്രചണ്ഡയുടെ തീരുമാനം.