സെർബിയയിൽ ഇസ്രേലി എംബസിക്കു സമീപം ആക്രമണം
Sunday, June 30, 2024 1:06 AM IST
ബെൽഗ്രേഡ്: സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ ഇസ്രേലി എബസിക്കു പുറത്തുണ്ടായ ആക്രമണത്തിൽ പോലീസുകാരന് ഗുരുതര പരിക്ക്.
എംബസിക്കു കാവൽ നിന്നിരുന്ന പോലീസുകാരനു നേർക്ക് ഒരാൾ ക്രോസ്ബോ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പോലീസുകാരന്റെ പ്രത്യാക്രമണത്തിൽ വെടിയേറ്റ അക്രമി മരിച്ചു. കഴുത്തിൽ അന്പേറ്റ പോലീസുകാരനെ ആശുപത്രിയിലാക്കി. ശസ്ത്രക്രിയയ്ക്കു വിധേയനായ പോലീസുകാരൻ അപകടനില തരണം ചെയ്തിട്ടില്ല.
സെർബിയയ്ക്കു നേർക്കുള്ള ഭീകരാക്രമണമാണ് നടന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒട്ടെറെപ്പേരെ അറസ്റ്റ് ചെയ്തതായും അറിയിച്ചു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഗാസാ യുദ്ധം ആരംഭിച്ചശേഷം ലോകത്തു പലയിടത്തും ഇസ്രേലി എംബസികൾക്കു സമീപം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.