സ്കോളർഷിപ്പിന് പിതാവിന്റെ വ്യാജ മരണസർട്ടിഫിക്കറ്റും; ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി
Friday, June 28, 2024 11:37 PM IST
വാഷിംഗ്ടൺ ഡിസി: ജീവനോടെയിരിക്കുന്ന പിതാവിന്റെ മരണസർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കി അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഫുൾ സ്കോളർഷിപ് സ്വന്തമാക്കിയ ഇന്ത്യൻ വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് നാടുകടത്തി. ആര്യൻ ആനന്ദ് എന്ന പത്തൊന്പതുകാരനാണു നടപടി നേരിട്ടത്.
പരീക്ഷാഫലങ്ങളടക്കം സർവതും വ്യാജമായി നിർമിച്ചാണ് ഇയാൾ പെൻസിൽവേനിയയിലെ ലീഹൈ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് നേടിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൃത്രിമമായി കുടുംബചരിത്രമുണ്ടാക്കിയപ്പോൾ ജീവനോടെയിരുന്ന അച്ഛന്റെ മരണസർട്ടിഫിക്കറ്റും തയാറാക്കി. 85,000 ഡോളറിന്റെ സ്കോളർഷിപ്പാണു നേടിയെടുത്തത്.
പഠനത്തിൽ താത്പര്യം നഷ്ടപ്പെട്ട ആര്യൻ മദ്യത്തിനടിമയാവുകയും പരീക്ഷകളിൽ തട്ടിപ്പു നടത്തുകയും ചെയ്തു. “ഞാനെന്റെ ജീവിതം നുണയിൽ പടുത്തുയർത്തി” എന്നൊരു പോസ്റ്റ് ‘റെഡ്ഡിറ്റ്’ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തതാണ് ഇയാൾ കുടുങ്ങാൻ കാരണം. യൂണിവേഴ്സിറ്റി അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിൽ ആര്യനു സത്യം വെളിപ്പെടുത്തേണ്ടിവന്നു.
20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ആര്യനെതിരേ ചുമത്തിയത്. എന്നാൽ യൂണിവേഴ്സിറ്റിയുടെ അഭ്യർഥനപ്രകാരം ഇയാളെ ഇന്ത്യയിലേക്കു നാടുകടത്തുകയായിരുന്നു.