പക്ഷിപ്പനി മൂലമുള്ള ആദ്യമരണം മെക്സിക്കോയിൽ സ്ഥിരീകരിച്ചു
Thursday, June 6, 2024 10:45 PM IST
മെക്സിക്കോ സിറ്റി: പക്ഷിപ്പനി ബാധിച്ചുള്ള ആദ്യമരണം മെക്സിക്കോയിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ അന്പത്തൊന്പതുകാരൻ ഏപ്രിൽ 24നാണു മരിച്ചത്. പനി, ശ്വാസതടസം, വയറിളക്കം, മനംപുരട്ടൽ മുതലായ ലക്ഷണങ്ങളുമായാണ് ആശുപത്രിയിലെത്തിയത്.
പക്ഷിപ്പനിയുണ്ടാക്കുന്ന എ(എച്ച്5എൻ2) വൈറസ് മൂലം ലോകത്ത് ലബോറട്ടറി സംവിധാനത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്ന ആദ്യമരണമാണിത്. ഇദ്ദേഹം എങ്ങനെയാണ് രോഗാണുവുമായി സന്പർക്കത്തിലായതെന്നതിൽ വ്യക്തതയില്ല. മാർച്ചിൽ മെക്സിക്കോയിലെ ഒറ്റപ്പെട്ട കോഴിവളർത്തു ഫാമിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മരണപ്പെട്ട വ്യക്തി കോഴിഫാമുമായോ മൃഗങ്ങളുമായോ സന്പർക്കത്തിലായിട്ടില്ല.
ഇദ്ദേഹം വൃക്കരോഗവും ടൈപ്പ് രണ്ട് പ്രമേഹവും നേരിട്ടിരുന്നതായി മെക്സിക്കൻ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സാധാരണ പനി പോലും ഇത്തരം രോഗബാധിതരെ ഗുരുതരാവസ്ഥയിലാക്കും. ഇദ്ദേഹത്തിന്റെ വസതിക്കടുത്തുള്ള ഫാമുകൾ നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി സന്പർക്കമുണ്ടായ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
പക്ഷികളിൽനിന്നു പടരുന്ന ഈ രോഗം സീൽ, റക്കൂൺ, കരടി, കന്നുകാലികൾ എന്നിവയിൽ കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയിൽ ഡയറിഫാമിൽ ജോലി ചെയ്തിരുന്ന മൂന്നുപേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.