ഭീകരാക്രമണം; ജർമനിയിൽ വൻ പ്രതിഷേധം
Tuesday, June 4, 2024 12:20 AM IST
മാൻഹൈം: കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജർമൻ നഗരമായ മാൻഹൈമിലുണ്ടായ കത്തിയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ റൂവൻ എൽ. ഇന്നലെ മരണത്തിനു കീഴടങ്ങി. കുത്തേറ്റ മറ്റ് ആറുപേർ ഇപ്പോഴും ചികിത്സയിലാണ്. വെടിയേറ്റ അഫ്ഗാനിസ്ഥാൻ സ്വദേശിയായ അക്രമിയും ആശുപത്രിയിലാണുള്ളത്. ഇയാൾ 2015 ലാണ് ജർമനിയിൽ എത്തിയത്.
ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജർമനിയിൽ ശക്തമായ ജനവികാരമാണ് ഉയരുന്നത്. ഇന്നലെ മാൻഹൈമിൽ നൂറുകണക്കിനു പേർ പങ്കെടുത്ത മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
ആക്രമണം നടന്ന നഗരചത്വരത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാനും മെഴുകുതിരി തെളിക്കാനും അനേകരാണ് എത്തുന്നത്. ഇസ്ലാമിസ്റ്റുകളോട് കർശനമായ നിലപാട് സ്വീകരിക്കണമെന്ന് ഭരണ- പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെട്ടു.
ബാഡൻ-വ്യുർട്ടെംബർഗ് സംസ്ഥാനത്ത് വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഭീകരതയ്ക്കെതിരായി മാൻഹൈമിൽ നടക്കുന്ന റാലിയിൽ എല്ലാ രാഷ്ട്രീയപാർട്ടികളും പങ്കെടുക്കും. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് കത്തിയാക്രമണത്തെ നിശിതമായ ഭാഷയിലാണ് അപലപിച്ചത്.
ഇസ്ലാം വിമർശകരായ പാക്സ് യൂറോപ്പായുടെ പ്രവർത്തകർക്കു നേരേ നടന്ന ആക്രമണം അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാണെന്നും അത് ജനാധിപത്യരാജ്യമായ ജർമനിയിൽ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം ജനാധിപത്യത്തെ തകർക്കുമെന്ന് ജർമൻ പ്രസിഡന്റ് വാൾട്ടർ സ്റ്റൈൻമായർ അഭിപ്രായപ്പെട്ടു.
പോലീസുകാർക്കു നേരേയുള്ള കത്തിയാക്രമണം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് പോലീസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അക്രമികളെ നാടുകടത്തുന്നതിൽ മന്ദഗതി പാടില്ലെന്നും അവർ നിർദേശിച്ചു.
ഇസ്ലാമിസ്റ്റുകളുടെ ഭീകരതയ്ക്കു മുന്പിൽ നിയമവും രാഷ്ട്രവും കർശന നിലപാട് എടുക്കുമെന്ന് ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു. അഫ്ഗാൻ അഭയാർഥികളെ മേലിൽ സ്വീകരിക്കരുതെന്നും വന്നിട്ടുള്ളവരെ തിരിച്ചയയ്ക്കാൻ തുടങ്ങണമെന്നും തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി ആവശ്യപ്പെട്ടു.