വെനീസിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം
Sunday, June 2, 2024 1:16 AM IST
വെനീസ്: ഇറ്റലിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വെനീസിൽ നിയന്ത്രണങ്ങൾ കർശനമാക്കി. സംഘം ചേർന്നെത്തുന്നവരുടെ എണ്ണം 25ൽ കൂടാൻ പാടില്ല. നഗരത്തിൽ ഉച്ചഭാഷിണികൾ വിലക്കി.
ടൂറിസ്റ്റുകളുടെ ബാഹുല്യം മൂലം നഗരത്തിനുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടികൾ. നേരത്തേ ഒരാൾക്ക് അഞ്ച് യൂറോ വച്ച് ഫീസ് ഏർപ്പെടുത്തിയിരുന്നു.
യൂറോപ്പിൽ ഏറ്റവും കൂടുതൽപേർ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വെനീസ്. കോവിഡ് മഹാവ്യാധിക്കു മുന്പ് 2019ൽ 1.3 കോടി പേരാണ് ഇവിടെയെത്തിയത്. അതേസമയം നഗരത്തിലെ ജനസംഖ്യ രണ്ടര ലക്ഷം മാത്രമാണ്.
കാലാവസ്ഥാ വ്യതിയാനം, വൻതോതിലുള്ള ടൂറിസം എന്നിവ മൂലം വെനീസിനു പരിഹരിക്കാൻ കഴിയാത്ത നാശമുണ്ടാകുന്നതായി യുനെസ്കോ മുന്നറിയിപ്പു നല്കിയിരുന്നു.