ഉത്തരകൊറിയയിൽനിന്ന് ദക്ഷിണകൊറിയയിലേക്ക് ബലൂണിൽ മാലിന്യം വിതറൽ
Thursday, May 30, 2024 12:47 AM IST
സീയൂൾ: ഉത്തരകൊറിയ ബലൂണുകൾ ഉപയോഗിച്ച് ദക്ഷിണകൊറിയയിലുടനീളം മാലിന്യം വിതറി. ദുർഗന്ധം വമിക്കുന്നതും അപകടമുണ്ടാക്കുന്നതുമായ മാലിന്യങ്ങൾ 260 ബലൂണുകളിലാണ് പറത്തിവിട്ടത്. ദക്ഷിണകൊറിയയിലെ ഒന്പതു പ്രവിശ്യകളിൽ എട്ടിലും ഇവ പതിച്ചു.
ഉത്തരകൊറിയയിൽ ദക്ഷിണകൊറിയക്കാർ ബലൂണുകൾ ഉപയോഗിച്ച് പ്രചാരണ ലഘുലേഖകളും നിരോധിത വസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള പ്രതികാരമാണിതെന്നു കരുതുന്നു.
ടോയ്ലറ്റ് പേപ്പറുകൾ, കറുത്ത മണ്ണ്, ബാറ്ററികൾ തുടങ്ങിയവയാണ് ഉത്തരകൊറിയൻ ബലൂണുകളിൽ കെട്ടിത്തൂക്കിയ പ്ലാസ്റ്റി ക് ബാഗുകളിൽ ഉണ്ടായിരുന്നത്. ചില ബലൂണുകളിൽ മലവും ഉണ്ടായിരുന്നുവെന്നാണു സൂചന. പ്രചാരണ ലഘുലേഖകൾ ഉണ്ടോ എന്നതു പരിശോധിച്ചുവരുകയാണ്.
ബലൂണകളിലോ അവയ്ക്കൊപ്പമുള്ള ബാഗുകളിലോ തൊട്ടുപോകരുതെന്നു ജനങ്ങൾക്കു ദക്ഷിണകൊറിയൻ സർക്കാർ നിർദേശം നല്കി.
1950ലെ യുദ്ധം മുതൽ ഇരു കൊറിയകളും ബലൂണുകൾ പറത്താറുണ്ട്. അടുത്തിടെ ദക്ഷിണകൊറിയയിലെ ഉത്തരകൊറിയൻ വിരുദ്ധർ പണം, ഉത്തരകൊറിയയിൽ നിരോധനമുള്ള സിനിമകളും പാട്ടുകളും ഉൾക്കൊള്ളുന്ന യുഎസ്ബി സ്റ്റിക്കുകൾ, ഭക്ഷ്യവസ്തുക്കൾ മുതലായവ ബലൂണിൽ അതിർത്തി കടത്തിവിട്ടിരുന്നു. ഇതിനു പ്രതികാരമായി ദക്ഷിണകൊറിയയിൽ മാലിന്യം നിക്ഷേപിക്കുമെന്നുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നതാണ്.