ഇറേനിയൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങി
Monday, May 20, 2024 12:52 AM IST
ടെഹ്റാൻ: ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഇന്നലെ റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്.
വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി തുടങ്ങിയവരും ഈ കോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.
മേഖലയിൽ കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ പെട്ടന്ന് ഇടിച്ചിറക്കാൻ കാരണം. റെയ്സി ഉണ്ടായിരുന്ന കോപ്റ്ററാണ് ഇടിച്ചിറങ്ങിയതെന്ന് ഇറേനിയൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചു.
രക്ഷാപ്രവർത്തകർ തെരച്ചിൽ ആരംഭിച്ചുവെങ്കിലും മൂടൽമഞ്ഞ് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. അപകടത്തിനു തൊട്ടുപിന്നാലെ ഇറാനിലെ മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ, പ്രസിഡന്റ് റെയ്സി സുരക്ഷിതനാണെന്നും കാറിൽ യാത്ര തുടർന്നെന്നും പറഞ്ഞുവെങ്കിലും പിന്നീട് റിപ്പോർട്ട് നീക്കംചെയ്യുകയുണ്ടായി.
അറുപത്തിമൂന്നുകാരനായ റെയ്സി, ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിശ്വസ്തനാണ്. ഖമനേയിക്കു ശേഷം അടുത്ത പരമോന്നത നേതാവാകുമെന്നാണ് വിലയിരുത്തൽ.