റസ്റ്ററന്റിനു നെഗറ്റീവ് റിവ്യു: ബ്രിട്ടീഷ് ടൂറിസ്റ്റ് തായ്ലൻഡിൽ അറസ്റ്റിൽ
Sunday, May 12, 2024 12:12 AM IST
ബാങ്കോക്ക്: റസ്റ്ററന്റിനോട് പ്രതികാരം ചെയ്യാൻ സുഹൃത്തുക്കളെക്കൊണ്ട് ഓൺലൈനിൽ നെഗറ്റീവ് റിവ്യു എഴുതിപ്പിച്ച ബ്രിട്ടീഷ് ടൂറിസ്റ്റ് തായ്ലൻഡിൽ അറസ്റ്റിലായി. അലക്സാണ്ടർ എന്ന ഇരുപത്തൊന്നുകാരനാണ് പുക്കെറ്റ് നഗരത്തിലെ റസ്റ്ററന്റിന്റെ സ്റ്റാർ റേറ്റിംഗ് താഴ്ത്താൻ ശ്രമിച്ചത്.
റസ്റ്ററന്റിനോടു ചേർന്നാണ് ഇയാൾ താമസിച്ചിരുന്നത്. താമസസ്ഥലത്തേക്ക് എളുപ്പത്തിലെത്താൻ റസ്റ്ററന്റ് വഴി പോകാൻ തുടങ്ങിയതാണ് കുഴപ്പമായത്.
റസ്റ്ററന്റുകാർ വിലക്കിയപ്പോൾ അലക്സാണ്ടർ സുഹൃത്തുക്കളെക്കൊണ്ട് നെഗറ്റീവ് റിവ്യു എഴുതിക്കാൻ തുടങ്ങി. അഞ്ചിൽ 4.8 ഉണ്ടായിരുന്ന റസ്റ്ററന്റിന്റെ സ്റ്റാർ റേറ്റിംഗ് ഇതോടെ 3.1ലേക്കു താണു. തുടർന്ന് കടയുടമ നല്കിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് അലക്സാണ്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.