റാഫയിൽ മുഴുരാത്രി ആക്രമണം; 22 പേർ കൊല്ലപ്പെട്ടു
Tuesday, April 30, 2024 1:41 AM IST
ഗാസ: തെക്കൻ ഗാസ നഗരമായ റാഫയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. തിങ്കളാഴ്ച നടന്ന മുഴുരാത്രി ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ആറു സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ട്. അഞ്ചു ദിവസം മാത്രം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടു. കരയാക്രമണം നടത്തുമെന്ന ഭീഷണി നിലനിൽക്കെത്തന്നെ ഇസ്രയേൽ റാഫയിൽ ദിനേന വ്യോമാക്രമണം നടത്തിവരികയാണ്.
ഹമാസിന്റെ അവസാനത്തെ പ്രധാനപ്പെട്ട ശക്തികേന്ദ്രമെന്നാരോപിച്ചാണ് ആക്രമണം. റാഫയിൽ ദശലക്ഷക്കണക്കിന് അഭയാർഥികളാണ് തമ്പടിച്ചിരിക്കുന്നത്. മൂന്നു വീടുകൾക്കു നേരേയാണു വ്യോമാക്രമണമുണ്ടായത്.
ആദ്യ ആക്രമണത്തിൽ ഒൻപതിനും 27 നും ഇടയിൽ പ്രായമുള്ള നാലു സഹോദരങ്ങൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. രണ്ടാമത്തെ ആക്രമണത്തിൽ നവജാത ശിശുവും പിതാവുമുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. മൂന്നാം ആക്രമണത്തിൽ 23, 19, 12 വയസുള്ള സഹോദരങ്ങൾ കൊല്ലപ്പെട്ടു.
ഇതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വീണ്ടും സംസാരിച്ചു. റാഫ ആക്രമിക്കാനുള്ള ഇസ്രയേൽ പദ്ധതിയോടുള്ള തന്റെ നിലപാട് ബൈഡൻ ആവർത്തിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
ദശലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റാഫയെ ആക്രമിക്കുന്നത് മാനുഷികദുരന്തമാകുമെന്നാണ് അമേരിക്കൻ നിലപാട്. റാഫ ആക്രമിച്ചാൽ പിന്തുണയുണ്ടാകില്ലെന്നും ഇസ്രയേലിന് മുന്നറിയിപ്പു നൽകിയിരുന്നു.
ഒരു മണിക്കൂറോളം ബൈഡൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. സമാധാന ദൗത്യവുമായി മിഡിൽ ഈസ്റ്റിൽ എത്തിയിരിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കും.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി തിങ്കളാഴ്ച ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി.
ഗാസയിലെയും റാഫ നഗരത്തിലെയും സ്ഥിതിഗതികളെക്കുറിച്ചും അടിയന്തര വെടിനിർത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.