കടലാസ് ബാലറ്റിന് കുവൈറ്റിൽ പ്രിയം
Friday, April 5, 2024 2:31 AM IST
കുവൈറ്റ് സിറ്റിയിൽനിന്ന് ജോർജ് കള്ളിവയലിൽ
രാഷ്ട്രീയ കലഹങ്ങളും പ്രതിസന്ധികളും തുടർച്ചയായ കുവൈറ്റിൽ സാന്പത്തിക പരിഷ്കാരങ്ങൾക്കും ഭരണസ്ഥിരതയ്ക്കും വഴിതെളിച്ചേക്കാവുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. റംസാൻ നോന്പു പ്രമാണിച്ച് ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ച് അർധരാത്രി സമാപിച്ച പോളിംഗിൽ വോട്ടർമാർ സജീവമായി പങ്കെടുത്തുവെന്ന് കുവൈറ്റ് വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.
തെരഞ്ഞെടുപ്പിലെ കൃത്രിമസാധ്യത ഒഴിവാക്കാനാണു വോട്ടിംഗ് യന്ത്രങ്ങൾ പരീക്ഷിക്കാതെ ഇത്തവണയും കടലാസ് വോട്ടിംഗ് സന്പ്രദായം തുടർന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ദീപികയോടു പറഞ്ഞു. എല്ലാവർക്കും കാണാവുന്ന സുതാര്യമായ ബാലറ്റ് പെട്ടികളിലാണ് ഓരോ വോട്ടറും വോട്ടു ചെയ്ത ബാലറ്റ് പേപ്പറുകൾ നാലായി മടക്കി ഇടുന്നത്. തിരിമറികൾക്കുള്ള സാധ്യത ഒഴിവാക്കാനായി വോട്ടിംഗ് പൂർത്തിയായ ഉടൻതന്നെ വോട്ടെണ്ണലും നടത്തും.
ഇന്നു രാവിലെയോടെ 50 പാർലമെന്റ് സീറ്റിലെയും ഫലപ്രഖ്യാപനം സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ നടത്തും. പൂർണ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ കടലാസ് വോട്ടിംഗ് സന്പ്രദായമാണ് ഏറ്റവും നല്ലതെന്ന് കുവൈറ്റിലെ സ്ഥാനാർഥികളും വ്യക്തമാക്കി. ഏതു തരം ഇലക്ട്രോണിക് മെഷീനിലും കൃത്രിമം സാധ്യമായതിനാൽ കുവൈറ്റിൽ വോട്ടിംഗ് യന്ത്രങ്ങൾ വേണ്ടെന്ന് എല്ലാവരും ഒരുപോലെ തീരുമാനിക്കുകയായിരുന്നു.
നിയുക്ത സർക്കാരുകളും തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റുകളും തമ്മിൽ ഏറെക്കാലമായി തുടരുന്ന സ്തംഭനാവസ്ഥയ്ക്ക് തെരഞ്ഞെടുപ്പിലൂടെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുവൈറ്റി ജനതയും പ്രവാസികളും.
രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾക്ക് ഹാനികരമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിൽ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് (83) അതൃപ്തി വ്യക്തമാക്കിയിരുന്നു. മുടങ്ങിക്കിടക്കുന്ന സാന്പത്തിക പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പാക്കാൻ കഴിഞ്ഞവർഷം അവസാനം അധികാരമേറ്റ അമീർ തീരുമാനിച്ചിരുന്നു. സാന്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചതിനുശേഷമുള്ള കുവൈറ്റിലെ ആദ്യ തെരഞ്ഞെടുപ്പാണ് ഇന്നലെ അർധരാത്രിയോടെ പൂർത്തിയായത്.
2020 ഡിസംബറിനു ശേഷമുള്ള നാലാമത്തെ വോട്ടെടുപ്പിലൂടെ കുവൈറ്റിൽ രാഷ്ട്രീയ സ്ഥിരതയും സാന്പത്തിക വളർച്ചയും വികസനവും ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് പ്രവാസി മലയാളികൾ പറഞ്ഞു. അറബ്ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ മാതൃകയിൽ എണ്ണവരുമാനത്തെ അമിതമായി ആശ്രയിക്കുന്നത് ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്കാണു കുവൈറ്റ് തുടക്കം കുറിക്കുന്നത്.