യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Monday, April 1, 2024 1:12 AM IST
കീവ്: യുക്രെയ്നിലെ ലവ്യുവിൽ റഷ്യ നടത്തിയ ക്രൂസ് മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കെട്ടിടം തകരുകയും പ്രദേശത്ത് തീ പടരുകയും ചെയ്തു. അതിനിടെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഈസ്റ്റർ ദിനത്തിൽ ഒഡേസ പ്രദേശം മുഴുവൻ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ട് ഇരുട്ടിലായി. ഒഡേസയിലെ വൈദ്യുത നിലയത്തിനു നേർക്കായിരുന്നു ഡ്രോൺ ആക്രമണമുണ്ടായത്.
170,000ഓളം കുടുംബങ്ങൾ ഇതോടെ ഇരുട്ടിലായി. റഷ്യ തൊടുത്ത 11 ഡ്രോണുകളിൽ ഒൻപതും 14 ക്രൂസ് മിസൈലുകളിൽ ഒമ്പതും തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയ്നിന്റെ ഊർജനിലയങ്ങൾക്കു നേർക്ക് റഷ്യ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
ഇത് നിരവധി പ്രദേശങ്ങളിൽ കാര്യമായ നാശനഷ്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച റഷ്യൻ ഷെല്ലാക്രമണത്തിൽ കിഴക്കൻ ഖാർകിവ് മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുത നിലയങ്ങളിലൊന്നായ സ്മിവ് തെർമൽ പവർ പ്ലാന്റ് പൂർണമായും നശിച്ചു. ഈ മാസം 22 നുണ്ടായ ആക്രമണത്തെ തുടർന്ന് ഈ മേഖലയിലെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. ഇതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വാർഷിക സൈനിക റിക്രൂട്ട്മെന്റിനുള്ള ഉത്തരവിൽ ഒപ്പിട്ടു.
150,000 സൈനികരെയാണു പുതുതായി റിക്രൂട്ട് ചെയ്യുന്നത്. സൈന്യത്തെ വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈയിൽ റഷ്യൻ പാർലമെന്റ് നിർബന്ധിത സൈനിക സേവനത്തിനുള്ള ഉയർന്ന പ്രായപരിധി 27-ൽ നിന്ന് 30 ആയി ഉയർത്തിയിരുന്നു.