ഐസ്ലാൻഡിൽ അഗ്നിപർവത സ്ഫോടനം
Monday, March 18, 2024 12:43 AM IST
റെയ്ക്യാവിക്: അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് തെക്കൻ ഐസ്ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി റെയ്ക്യാൻസ് പ്രദേശത്തെ ഗ്രിൻഡാവിക് പട്ടണത്തിനു വടക്കാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. പുറത്തേക്കൊഴുകിയ ലാവ ഗ്രിൻഡാവിക് പട്ടണം വരെയെത്തി. നാലായിരത്തോളം വരുന്ന പട്ടണവാസികളെ നേരത്തേതന്നെ ഒഴിപ്പിച്ചുമാറ്റിയിരുന്നു. ലാവാ ഒഴുക്ക് ഇന്നലെയും നിലച്ചില്ല.
ഡിസംബറിനുശേഷമുള്ള നാലാമത്തെ അഗ്നിപർവത സ്ഫോടനമാണിത്. 2021നുശേഷമുള്ള ഏഴാമത്തേതും. ഐസ്ലാൻഡിൽ 33 സജീവ അഗ്നിപർവതങ്ങളുണ്ട്.
എണ്ണൂറു വർഷം മുന്പ് റെയ്ക്യാൻസ് മേഖലയിൽ നാലു പതിറ്റാണ്ടോളം അഗ്നിപർവത സ്ഫോടനങ്ങളുണ്ടായിരുന്നു. പതിറ്റാണ്ടുകൾ നീളുന്ന മറ്റൊരു അഗ്നിപർവത യുഗത്തിലേക്ക് ഐസ്ലാൻഡ് പ്രവേശിക്കുകയാണെന്നാണ് ഗവേഷകരുടെ അനുമാനം.