ക്രിമിയയിൽ ഡ്രോൺ ആക്രമണം
Monday, March 4, 2024 1:27 AM IST
മോസ്കോ: റഷ്യൻ അധിനിവേശ ക്രിമിയയിൽ യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി. 38 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന കെർച്ച് പാലം താത്കാലികമായി അടച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണു റിപ്പോർട്ട്.
ശനിയാഴ്ച റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബെർഗിലും ഡ്രോൺ ആക്രമണമുണ്ടായി. പാർപ്പിട സമുച്ചയമാണ് ആക്രമിക്കപ്പെട്ടത്. നൂറോളം പേരെ ഒഴിപ്പിച്ചു മാറ്റേണ്ടിവന്നു.
നേരത്തേ യുക്രെയ്നിലെ ഒഡേസ നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് അടക്കം പത്തു പേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധമുന്നണിയിൽ അടുത്തകാലത്ത് റഷ്യ മുന്നേറുന്നതായാണ് റിപ്പോർട്ടുകൾ.