ഹൂതികൾ ആക്രമിച്ചത് ഇറാനിലേക്കു പോയ കപ്പൽ
Wednesday, February 14, 2024 12:39 AM IST
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതരുടെ ആക്രമണം നേരിട്ട കപ്പൽ ഇറാനിലേക്കു പോകുകയായിരുന്നുവെന്ന് അമേരിക്ക. ബ്രസീലിൽനിന്ന് ചോളവുമായി ഇറാനിലെ ബന്ദാർ തുറമുഖത്തേക്കു പോകുകയായിരുന്ന എംവി സ്റ്റാർ ഐറിസ് എന്ന കപ്പലാണ് തിങ്കളാഴ്ച ആക്രമണം നേരിട്ടത്.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ തൊടുത്ത രണ്ട് മിസൈൽ കപ്പലിൽ പതിച്ചുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ബന്ധമുള്ളതുകൊണ്ടാണ് കപ്പൽ ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞിരുന്നു.
ഗ്രീക്ക് കന്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ മാർഷൽ ദ്വീപുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കപ്പൽ ആക്രമണം നേരിട്ട കാര്യം ബ്രിട്ടനിലെ മരിടൈം ട്രേഡ് ഓർഗനൈസേഷൻ സ്ഥിരീകരിച്ചിരുന്നു. കപ്പൽ ജീവനക്കാർക്കു പരിക്കില്ല.