വെസ്റ്റ് ബാങ്കിലെ ഇസ്രേലികൾക്ക് അമേരിക്കൻ ഉപരോധം
Saturday, February 3, 2024 1:18 AM IST
വാഷിംഗ്ടൺ ഡിസി: അധിനിവേശ വെസ്റ്റ്ബാങ്കിൽ പലസ്തീനികളെ ആക്രമിച്ച നാല് ഇസ്രേലികൾക്കെതിരേ അമേരിക്ക ഉപരോധം ചുമത്തി.
പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവു പ്രകാരമാണു നടപടി. വെസ്റ്റ്ബാങ്കിലെ അക്രമങ്ങൾ അസഹനീയമായെന്നു ബൈഡൻ പറഞ്ഞു.
വെസ്റ്റ്ബാങ്കിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇസ്രേലികൾക്കെതിരേ അമേരിക്ക ഉപരോധം ചുമത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞവർഷം കുറച്ച് ഇസ്രേലി കുടിയേറ്റക്കാർക്കു വീസ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വെസ്റ്റ്ബാങ്കിൽ ഇനിയും അക്രമങ്ങളുണ്ടാകുന്നതു തടയാൻ ലക്ഷ്യമിട്ടാണു ബൈഡന്റെ ഉത്തരവ്. പലസ്തീൻകാരെ ആക്രമിക്കുന്നവർക്കും അവരുടെ ഭൂമി പിടിച്ചെടുക്കുന്നവർക്കും എതിരേ നടപടിയെടുക്കാൻ യുഎസ് സർക്കാരിന് ഉത്തരവിലൂടെ അധികാരം ലഭിച്ചു.
ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ്ബാങ്കിൽ 370 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ കുറഞ്ഞത് എട്ടു പേരെ ഇസ്രേലി കുടിയേറ്റക്കാർ വധിച്ചതാണ്.