വടക്കൻ ഗാസയിൽ ഹമാസിന്റെ കമാൻഡ് ശൃംഖല തകർത്തു
Monday, January 8, 2024 12:00 AM IST
ടെൽ അവീവ്: വടക്കൻ ഗാസയിൽ ഹമാസ് ഭീകരരുടെ ചെയിൻ ഓഫ് കമാൻഡ് തകർത്തതായി ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. കമാൻഡർമാരിൽനിന്നു നിർദേശം ലഭിക്കാതായതോടെ ഭീകരർ ഒറ്റപ്പെട്ട ആക്രമണങ്ങൾ മാത്രമാണു നടത്തുന്നത്.
വടക്കൻ ഗാസയിൽ 8,000 ഭീകരരെ വധിച്ചുവെന്നും ഹാഗാരി അവകാശപ്പെട്ടു. ഗാസയുടെ മധ്യ, തെക്ക് പ്രദേശങ്ങളിൽ ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിലാണ് ഇസ്രേലി സേന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ ഏഴു മുതൽ ഇസ്രേലി സേന നടത്തുന്ന ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,000ത്തോട് അടുക്കുകയാണ്. ഇതിൽ മൂന്നിൽരണ്ട് വനിതകളും കുട്ടികളുമാണ്. വടക്കൻഗാസ ഏതാണ്ടു പൂർണമായി നശിപ്പിക്കപ്പെട്ടു. ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ ഒട്ടുമുക്കാലും അഭയാർഥികളായി.
പശ്ചിമേഷ്യ പ്രതിസന്ധിക്കു പരിഹാരം തേടി മൂന്നു മാസത്തിനിടെ നാലാം പര്യടനം ആരംഭിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ ജോർദാനിലെത്തി അബ്ദുള്ള രാജാവുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ അമ്മാനിലെ ലോക ഭക്ഷ്യപദ്ധതിയുടെ ഗോഡൗണും അദ്ദേഹം സന്ദർശിച്ചു.
ഇതിനിടെ, വെസ്റ്റ്ബാങ്കിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ ആറു പലസ്തീനികൾകൂടി കൊല്ലപ്പെട്ടു. നേരത്തേ ഇസ്രേലി സൈനികവാഹനം സ്ഫോടനത്തിൽ തകർന്ന് ഒരു ഓഫീസർ മരിച്ചിരുന്നു.