ജപ്പാനെ ഉലച്ച് ഭൂകന്പവും സുനാമിയും
Monday, January 1, 2024 11:54 PM IST
ടോക്കിയോ: പുതുവത്സരദിനത്തിൽ ജപ്പാന്റെ മധ്യപ്രദേശങ്ങളിൽ അതിശക്തമായ ഭൂകന്പവും സുനാമിയും. കെട്ടിടങ്ങളും റോഡുകളും തകർന്നെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇഷിക്കാവ, നിഗാറ്റ, ടൊയാമ പ്രവിശ്യകളിൽ ഇന്നലെ വൈകുന്നേരം നാലു മുതലുള്ള അഞ്ചു മണിക്കൂറിനിടെ 3.4ന് മുകളിൽ തീവ്രതയുള്ള 50 ചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതിൽ ഒരെണ്ണം 7.6 തീവ്രത രേഖപ്പെടുത്തുന്നതായിരുന്നു.
ഭൂകന്പത്തിനു പിന്നാലെ ഇഷിക്കാവ, നിഗാറ്റ, ടൊയാമ പ്രവിശ്യകളുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഇഷിക്കാവയിലെ നാട്ടോയിൽ അഞ്ചു മീറ്റർ ഉയരമുള്ള സുനാമി ഉണ്ടാകാം എന്നായിരുന്നു മുന്നറിയിപ്പ്.
തീരപ്രദേശത്തുള്ളവർ ഉടനടി ഉയർന്ന പ്രദേശങ്ങളിലേക്കോ കെട്ടിടത്തിനു മുകളിലേക്കോ മാറണമെന്നു ടിവിയിലൂടെയും മറ്റും നല്കിയ അടിയന്തര സന്ദേശത്തിൽ സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, ഇഷിക്കാവയിൽ അനുഭവപ്പെട്ട സുനാമിക്ക് ഒരു മീറ്ററിനടുത്ത് ഉയരമേ ഉണ്ടായിരുന്നുള്ളൂ.
മറ്റു രണ്ട് പ്രവിശ്യകളിൽ മൂന്നു മീറ്റർ ഉയരമുള്ള സുനാമി ഉണ്ടാകാമെന്നായിരുന്നു അറിയിപ്പ്. ദക്ഷിണകൊറിയയിലും റഷ്യയിലെ വ്ലാഡിവോസ്റ്റോക്, നാഖോദ്ക നഗരങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയുണ്ടായി.
ഭൂകന്പബാധിത പ്രദേശങ്ങളിലെ അണുശക്തി നിലയങ്ങൾക്കു തകരാറില്ലെന്ന് ജാപ്പനീസ് വൃത്തങ്ങൾ അറിയിച്ചു. ഭൂകന്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന ആറു സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭൂകന്പങ്ങൾ ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇഷിക്കാവയിലെ റോഡുകൾ അടച്ചു. ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തി.
2011നു ശേഷം ജപ്പാനിലെ ഏറ്റവും പ്രധാന സുനാമി മുന്നറിയിപ്പാണിത്. 2011ൽ 9.0 തീവ്രതയുള്ള ഭൂകന്പത്തിലും തുടർന്നുള്ള സുനാമിയിലും 18,000 പേർ കൊല്ലപ്പെടുകയും ഫുക്കുഷിമ ആണവനിലയത്തിനു തകരാറുണ്ടാവുകയും ചെയ്തിരുന്നു.