റഷ്യയെ ആക്രമിച്ച് യുക്രെയ്ൻ; 14 മരണം
Sunday, December 31, 2023 12:30 AM IST
മോസ്കോ: യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 45 പേർക്കു പരിക്കേൽക്കുകയും ചെയ്തു. റഷ്യ കഴിഞ്ഞദിവസം യുക്രെയ്നെതിരായ ഏറ്റവും വലിയ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണിത്.
മോസ്കോ, കുർസ്ക്, ഒറിയോൾ, ബ്രിയാൻസ്ക്, ബെൽഗരോദ് മേഖലകളിലായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. 13 മിസൈലുകളും 32 ഡ്രോണുകളും റഷ്യ വെടിവച്ചിട്ടു. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗരോദിലാണ് കൂടുതൽ മരണങ്ങളും.
വെള്ളിയാഴ്ച റഷ്യൻ സേന 122 മിസൈലുകളും 36 ഡ്രോണുകളും യുക്രെയ്നു നേർക്കു പ്രയോഗിച്ചിരുന്നു. തലസ്ഥാനമായ കീവ്, ഒഡേസ, നിപ്രോ, ഖാർകീവ്, ലുവീവ് അടക്കം രാജ്യത്തുടനീളമുണ്ടായ ആക്രമണങ്ങളിൽ 37 പേർ കൊല്ലപ്പെടുകയും 160 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കീവിൽ മാത്രം 16 പേർ കൊല്ലപ്പെട്ടു. നഗരങ്ങളും ഗ്രാമങ്ങളും അടക്കം 120 പ്രദേശങ്ങളെ റഷ്യ ആക്രമിച്ചുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ അറിയിച്ചു.
റഷ്യ തൊടുത്ത മിസൈലുകളിലൊന്ന് പോളണ്ടിന്റെ ആകാശത്തു പ്രവേശിച്ച ശേഷമാണു യുക്രെയ്നു നേർക്കു പോയതെന്ന് ആരോപിക്കപ്പെടുന്നു. പോളിഷ് സർക്കാർ ഇന്നലെ റഷ്യൻ നയതന്ത്രപ്രതിനിധി ആന്ദ്രെയ് ഒർദാഷിനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു.
വ്യക്തമായ തെളിവില്ലാതെ വിശദീകരണം നല്കാനാവില്ലെന്നു റഷ്യൻ പ്രതിനിധി മറുപടി നല്കി.
2022 നവംബറിൽ പോളിഷ് ഗ്രാമത്തിൽ രണ്ടു പേർ കൊല്ലപ്പെട്ട മിസൈൽ ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന് ആദ്യം ആരോപണമുയർന്നെങ്കിലും പിന്നീടത് യുക്രെയ്ൻ മിസൈലായിരുന്നുവെന്നു കണ്ടെത്തിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.