ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
Friday, December 29, 2023 12:29 AM IST
ഗാസ: ഗാസയിൽ ബോംബ് വർഷിച്ച് ഇസ്രേലി സൈന്യം. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, മഘാസി അഭയാർഥി കേന്ദ്രം എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഖാൻ യൂനിസിലെ അൽ അമാൽ ആശുപത്രിക്കു സമീപവും ഇസ്രയേൽ ബോംബിട്ടതായി ഗാസയിലെ ഹമാസ് നിയന്ത്രിത ആരോഗ്യവകുപ്പ് അറിയിച്ചു.
ഗാസയിൽ മരണം 21,320
ഒക്ടോബർ ഏഴിന് ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചശേഷം ഗാസ മുനന്പിൽ മാത്രം 21,320 പലസ്തീനികൾ കൊല്ലപ്പെട്ടതായാണു ഹമാസ് ഭരണകൂടത്തിന്റെ കണക്ക്. 55,603 പേർക്ക് പരിക്കുപറ്റി. ഗാസയിലെ 23 ലക്ഷം പൗരന്മാരിൽ 85 ശതമാനവും ഭവനരഹിതരായി. ഉത്തര ഗാസ ഏറെക്കുറെ പൂർണമായും മണ്ണടിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 210 പലസ്തീനികളെ ഇസ്രയേൽ കൊലപ്പെടുത്തിയെന്നു ഹമാസ് ആരോപിക്കുന്നു.
ഹമാസിനെ തുടച്ചുനീക്കുമെന്ന ഇസ്രയേൽ മുന്നറിയിപ്പ് നടപ്പായാൽ സന്പൂർണനാശമാണു ഗാസയെ കാത്തിരിക്കുന്നത്. യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴിന് ഭീകരർ തട്ടിക്കൊണ്ടുപോയ നൂറിലധികം ഇസ്രേലി തടവുകാർ ഹമാസിന്റെ കൈയിലുണ്ട്. ഇവരെ ഉപയോഗിച്ചാണ് ഹമാസിന്റെ വിലപേശൽ. വെടിനിർത്തലിനായുള്ള ലോകരാജ്യങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളിക്കളഞ്ഞു.
റാമള്ളയിൽ റെയ്ഡ്
വെസ്റ്റ് ബാങ്കിലെ റാമള്ളയിൽ പ്രവർത്തിക്കുന്ന നിരവധി പണംമാറ്റൽ കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം പരിശോധന നടത്തി. ദശലക്ഷക്കണക്കിന് ഷെക്കൽ പിടിച്ചെടുത്തു. ഹമാസ് പോലുള്ള ഭീകരസംഘടനകൾക്കു സംഭാവന നൽകാനാണ് ഈ ബിസിനസുകൾ പ്രവർത്തിച്ചതെന്ന് ഇസ്രയേൽ ആരോപിക്കുന്നു.
റാമള്ളയിൽ പണംമാറ്റൽ കേന്ദ്രത്തിന്റെ ഉടമകളെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായും സേഫുകൾ തകർത്തു പണവും നിരവധി രേഖകളും പിടിച്ചെടുത്തതായും വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റെയ്ഡിനിടെ ഒരാൾ കൊല്ലപ്പെട്ടു, 14 പേർക്കു പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ മനുഷ്യാവകാശസാഹചര്യം ദിനംപ്രതി മോശമാകുകയാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകി.
ഹിസ്ബുള്ളയ്ക്കെതിരേ
ആക്രമണം തുടർന്നാൽ ലെബനീസ് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരസംഘടനയെ തുടച്ചുനീക്കുമെന്ന് ഇസ്രേലി മന്ത്രി ബെന്നി ഗാന്റ്സ് മുന്നറിയിപ്പു നൽകി.
ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രസാഹചര്യം ഇല്ലാതായെന്നും അദ്ദേഹം വ്യക്തമാക്കി. ലെബനീസ് അതിർത്തിയിൽ സൈന്യം തിരിച്ചടിക്കു തയാറാണെന്ന് ചീഫ് ഓഫ് ദി ജനറൽ സ്റ്റാഫ് ലെഫ്. ജനറൽ ഹെഴ്സി ഹലെവി പറഞ്ഞു. ഒക്ടോബറില് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചശേഷം ലെബനീസ് അതിർത്തിയിൽ സംഘർഷം രൂക്ഷമാണ്.
സൈനികസേവനത്തിനു വിസമ്മതിച്ച ഇസ്രേലി യുവാവിനു തടവ്
ടെൽ അവീവ്: സൈന്യത്തിൽ ചേരാൻ വിസമ്മതിച്ച ഇസ്രേലി യുവാവിന് 30 ദിവസം തടവ്. ടെൽ അവീവിൽ താമസിക്കുന്ന താൽ മിത്നിക് എന്ന പതിനെട്ടുകാരനാണു ശിക്ഷിക്കപ്പെട്ടത്. പലസ്തീൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ചശേഷം ഈ കുറ്റത്തിനു രാജ്യത്തു ശിക്ഷിക്കപ്പെടുന്ന ആദ്യയാളാണു മിത്നിക്. സൈനികസേവനത്തെ എതിർക്കുന്നതു തുടർന്നാൽ മിത്നിക് വീണ്ടും ശിക്ഷിക്കപ്പെടും.