യുക്രെയ്ൻ ആക്രമണത്തിൽ റഷ്യൻ കപ്പലിനു നാശം
Wednesday, December 27, 2023 12:21 AM IST
കീവ്: റഷ്യയുടെ യുദ്ധക്കപ്പൽ തകർത്തതായി യുക്രെയ്നും, യുക്രെയ്ന്റെ ഗ്രാമം പിടിച്ചെടുത്തതായി റഷ്യയും അവകാശപ്പെട്ടു. അതേസമയം, കപ്പലിനു നാശമുണ്ടായെന്നു മാത്രമേ റഷ്യ സമ്മതിച്ചിട്ടുള്ളൂ. തന്ത്രപ്രധാനമായ മരിൻക ഗ്രാമം പിടിച്ചെന്ന റഷ്യയുടെ അവകാശവാദം യുക്രെയ്നും നിഷേധിച്ചു.
യുക്രെയ്ൻ വ്യോമസേന അധിനിവേശ ക്രിമിയയിലെ ഫ്യോദോസിയ തുറമുഖത്ത് ഇന്നലെ രാവിലെ നടത്തിയ ആക്രമണത്തിൽ റഷ്യൻ നാവികസേനയിലെ ലാൻഡിംഗ് ഷിപ്പായ നൊവോചെർകാസ്ക് തകർന്നുവെന്നാണു റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധവിമാനങ്ങൾ തുറമുഖത്തേക്കു മിസൈൽ പ്രയോഗിക്കുകയായിരുന്നു.
ആക്രമണം നടന്ന കാര്യം ക്രിമിയൻ ഗവർണർ സെർജി അക്സ്യാനോവ് സ്ഥിരീകരിച്ചു. അതേസമയം, കപ്പലിനു നാശമുണ്ടായെന്നേ അദ്ദേഹം സമ്മതിച്ചുള്ളൂ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറു കെട്ടിടങ്ങൾ തകർന്നു.
ഇതിനിടെ, കിഴക്കൻ യുക്രെയ്നിൽ റഷ്യൻ അധിനിവേശ ഡോണറ്റ്സ്കിന് അഞ്ചു കിലോമീറ്റർ അകലെയുള്ള മരിൻക ഗ്രാമം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പ്രസിഡന്റ് വ്ലാദിമിർ പുടിനെ വിഡിയോ കോൺഫറൻസ് കൂടിക്കാഴ്ചയിൽ അറിയിച്ചു.
റഷ്യൻ അനുകൂല വിമതർ കിഴക്കൻ യുക്രെയ്ൻ പിടിച്ചെടുത്ത 2014 മുതൽ യുക്രെയ്ൻ സേന പ്രതിരോധം കേന്ദ്രീകരിച്ച ഗ്രാമമാണിത്. അതേസമയം, റഷ്യയുടെ അവകാശവാദം യുക്രെയ്ൻ നിഷേധിച്ചു. മരിൻകയിൽ ഇപ്പോഴും യുക്രെയ്ൻ സൈനികരുണ്ടെന്നു യുക്രെയ്ൻ സൈനിക വക്താവ് ഒലക്സാണ്ടർ ഷ്റ്റുപുൺ പറഞ്ഞു.