ഇരട്ട ഗർഭപാത്രം അപൂർവം; രണ്ടിലും കുട്ടികൾ അത്യപൂർവം
Sunday, December 24, 2023 12:58 AM IST
വാഷിംഗ്ടൺ ഡിസി: ഇരട്ട ഗർഭപാത്രങ്ങളുള്ള വനിത ഒരു ദിവസത്തെ വ്യത്യാസത്തിൽ ഇരട്ടകൾക്കു ജന്മം നല്കി. അമേരിക്കയിലെ അലബാമയിലാണ് അത്യപൂർവ പ്രസവം നടന്നത്. ഇരു ഗർഭപ്രാത്രങ്ങളിലും കുഞ്ഞുങ്ങൾ വളരുന്നത് അത്യപൂർവ പ്രതിഭാസമാണ്.
കെൽസി ഹാച്ചർ എന്ന മുപ്പത്തിരണ്ടുകാരി പതിനേഴാം വയസിലാണ് തനിക്ക് രണ്ടു ഗർഭപാത്രങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത്. ലോകത്തെ മൊത്തം സ്ത്രീജനങ്ങളിൽ 0.3 ശതമാനം മാത്രം നേരിടുന്ന അവസ്ഥയാണിത്.
ജന്മനാതന്നെ രണ്ടു ഗർഭപാത്രങ്ങളുണ്ടാകുമെങ്കിലും രണ്ടിലും കുഞ്ഞ് വളരാനുള്ള സാധ്യത പത്തുലക്ഷത്തിൽ ഒന്നു മാത്രമാണെന്ന് കെൽസിയുടെ പ്രസവം നടന്ന ബിർമിങ്ങാമിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമ അധികൃതർ വിശദീകരിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു ഇരട്ട പെൺകുട്ടികളുടെ ജനനം. രണ്ടു കുട്ടികളും ആരോഗ്യത്തോടെയിരിക്കുന്നു.
കെൽസി മുന്പ് മൂന്നു തവണ പ്രസവിച്ചിട്ടുള്ളതാണ്. 2019ൽ ബംഗ്ലാദേശിൽ ഒരു സ്ത്രീ ഒരു മാസത്തെ വ്യത്യാസത്തിൽ ഇരട്ടകളെ പ്രസവിച്ചതായി റിപ്പോർട്ടുണ്ട്.