വെടിനിർത്തലില്ല: ഹമാസ്
Friday, December 22, 2023 12:16 AM IST
ജറൂസലെം: ബന്ദികളെ മോചിപ്പിക്കാമെങ്കിൽ ഒരാഴ്ച വെടിനിർത്തലെന്ന നിർദേശം തള്ളി പലസ്തീനിലെ ഹമാസ് ഭരണകൂടം. ഈജിപ്തിലെ കയ്റോയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണു ഹമാസ് നിലപാട് അറിയിച്ചത്. ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയ 120 പേർ ഇപ്പോഴും ഹമാസിന്റെ തടവിലുണ്ടെന്നാണു സൂചന.
ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്നാണു ഹമാസിന്റെ നിലപാട്. താത്കാലിക വെടിനിർത്തലിനോടു ഹമാസിനു താത്പര്യമില്ല. ഹമാസുമായുള്ള വെടിനിർത്തലിന് ഇസ്രയേലിനും താത്പര്യമില്ല. നവംബറിൽ അവസാനിച്ച ആറുദിന വെടിനിർത്തലിനെത്തുടർന്ന് 105 ഇസ്രേലി തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു. ഹമാസിനു പുറമേ, ഇസ്ലാമിക് ജിഹാദ് എന്ന ചെറിയൊരു ഭീകരസംഘടനയുടെ തടങ്കലിലും ഇസ്രേലികളുണ്ട്.
മരണം 20,000
പലസ്തീനിലെ ഹമാസ് ഭരണകൂടത്തിനെതിരായ ഇസ്രയേലിന്റെ തിരിച്ചടിയിൽ മരണം 20,000 കടന്നു. 8,000 കുട്ടികളും 6,200 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ഹമാസ് സർക്കാർ അറിയിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,140 ഇസ്രേലികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് ഇസ്രയേൽ പലസ്തീനിനെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടത്. ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ 250 പേരിൽ കുറച്ചുപേരെ അടുത്തിടെ മോചിപ്പിച്ചിരുന്നു.
റോക്കറ്റ് വർഷം
ഗാസ മുനന്പിൽനിന്ന് ഇസ്രയേലിനു നേരേ ഹമാസിന്റെ റോക്കറ്റ് വർഷം തുടരുകയാണ്. ടെൽ അവീവിലും മറ്റു നഗരങ്ങളിലും മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതിനെത്തുടർന്നു ജനങ്ങൾ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. ഇതിൽ ഭൂരിഭാഗം റോക്കറ്റുകളും ഇസ്രയേലിന്റെ അയണ്‍ഡോം പ്രതിരോധ സംവിധാനം തകർത്തു.
ഗാസ നഗരത്തിൽനിന്നു ഹമാസ് നേതാക്കളുടെ വീടുകളിലേക്കു നിർമിച്ച തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. പലസ്തീന്റെ കെരെം ഷാലോം ബോർഡർ ക്രോസിംഗ് മേധാവി ബാസെം ഗാബൻ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. രാജ്യാന്തര സമ്മർദങ്ങൾക്കൊടുവിൽ കെരെം അതിർത്തി കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേൽ തുറന്നുനൽകിയിരുന്നു. ഇതോടെ ഗാസയിൽനിന്നു നേരിട്ടു സഹായങ്ങൾ നൽകാൻ കഴിഞ്ഞു.
ഗാസ വഴിയമ്പലം, മരണം കാത്ത് രോഗികള്‍: യുഎന്‍
ജനീവ: വടക്കൻ ഗാസയിലെ ആശുപത്രി സംവിധാനങ്ങൾ മുഴുവൻ ഇസ്രേലി ആക്രമണത്തിൽ തകർന്നതായി ഐക്യരാഷ്ട്ര സഭ. ഗാസയിലെ ആശുപത്രികൾ വഴിയന്പലങ്ങളാണെന്നും ആളുകൾ മരണം കാത്തുകിടക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസി മെഡിക്കൽ ടീം കോ-ഓർഡിനേറ്റർ ഷോണ്‍ കേസി പറഞ്ഞു.
ശസ്ത്രക്രിയയ്ക്കു മാർഗങ്ങളില്ല. ഗുരുതരമായി പരിക്കേറ്റവരുടെ മുറിവുകളിൽ അണുബാധയുണ്ട്. ഭക്ഷണവും വസ്ത്രവും ലഭ്യമല്ല. പരിക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിയുന്നവർ മരുന്നിനായല്ല, വെള്ളത്തിനായാണു കേഴുന്നതെന്നും അദ്ദേഹം പറഞ്ഞു.