ഇന്ത്യയിൽനിന്ന് ആയിരക്കണക്കിന് നിർമാണത്തൊഴിലാളികളെ ഇസ്രയേൽ റിക്രൂട്ട് ചെയ്യുന്നു
Thursday, December 21, 2023 1:08 AM IST
ജറൂസലേം: ഇന്ത്യയിൽനിന്ന് ആയിരക്കണക്കിന് നിർമാണത്തൊഴിലാളികളെ ഇസ്രയേൽ റിക്രൂട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഇസ്രയേലിൽനിന്നുള്ള സംഘം ഇന്ത്യയിലെത്തിയിരുന്നു. അടുത്തയാഴ്ച മുതിർന്ന പ്രതിനിധികളുടെ സംഘം ഇന്ത്യയിലെത്തി റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കും.
രാജ്യത്തെ നിർമാണമേഖലയിൽ വലിയ തൊഴിലാളിക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് ഇസ്രയേൽ ബിൽഡേഴ്സ് അസോസിയേഷൻ (ഐബിഎ) ഡെപ്യൂട്ടി ഡയറക്ടർ ജനറലും വക്താവുമായ ഷായ് പോസ്നെർ അറിയിച്ചു.
ഡിസംബർ 27ന് ഡൽഹിയിലും ചെന്നൈയിലും റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുമെന്നു പോസ്നെർ പറഞ്ഞു. ഇപ്പോൾ 10,000 പേരെ റിക്രൂട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സമീപഭാവിയിൽ ഇത് 30,000 വരെയാകാം. അടുത്തയാഴ്ച ആരംഭിക്കുന്ന സെലക്ഷൻ നടപടികൾ 10-15 ദിവസം നീണ്ടേക്കാം-പോസ്നെർ പറഞ്ഞു.
ഇഷാക് ഗുർവിറ്റ്സിന്റെ നേതൃത്വത്തിലുള്ള ഐബിഎ പ്രതിനിധി സംഘമാണ് കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയത്. ഐബിഎ സിഇഒ ഇഗൽ സ്ലോവിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടുത്തയാഴ്ച ഇന്ത്യയിലെത്തുക. ഇവർക്കൊപ്പം ഇസ്രയേൽ നിർമാണം, ഹൗസിംഗ് മന്ത്രാലയം ഡയറക്ടർ ജനറൽ യെഹുദ മോർഗൻസ്റ്റേണും ഇന്ത്യയിലെത്തുന്നുണ്ട്.