ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റു മരിച്ചതായി അഭ്യൂഹം: നിഷേധിച്ച് ബന്ധുക്കള്‍
Tuesday, December 19, 2023 1:45 AM IST
കറാച്ചി: പാക്കിസ്ഥാനിൽ ഒളിവില്‍ക്കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റു മരിച്ചുവെന്ന അഭ്യൂഹം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ രണ്ടുദിവസം മുമ്പ് കറാച്ചിയിലെ ആശുപത്രിയില്‍ ദാവൂദിനെ എത്തിച്ചുവെന്നാണ് വാര്‍ത്തകള്‍.
ആശുപത്രിയിലെ ഒരു നില പൂര്‍ണമായും ദാവൂദിനുവേണ്ടി മാറ്റിവച്ചുവെന്നും അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണു പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും പ്രചാരണമുണ്ടായിരുന്നു.
ദാവൂദിന്റെ ആശുപത്രിവാസം വ്യാജപ്രചാരണമാണെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞതായി ഇതിനുപിന്നാലെ റിപ്പോർട്ടുകൾ വന്നു.
ഇതോടൊപ്പം ദാവൂദ് മരിച്ചുവെന്നു പാക്കിസ്ഥാന് കാവല്‍പ്രധാനമന്ത്രി അന്‍വര്‍ ഉള് ഹഖ് കാക്കര്‍ സമൂഹമാധ്യമത്തില്‍ അറിയിച്ചുവെന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ടുകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇതു വ്യാജമാണെന്ന വിദഗ്ധരുടെ സ്ഥീരീകരണവും പിന്നാലെ വന്നു.
സ്ക്രീന്‍ഷോട്ടില്‍ പ്രചരിക്കുന്ന പേരും പാക് പ്രധാനമന്ത്രിയുടെ സമൂഹമാധ്യമത്തിലെ പേരും വ്യത്യസ്തമാണ്. പേരില്‍ കൂടുതല്‍ അക്ഷരങ്ങള്‍ ഉണ്ടെന്നു മാത്രമല്ല ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ യഥാര്‍ഥ അക്കൗണ്ടിലെ അവസാന പോസ്റ്റെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
1993 മാര്‍ച്ച് 12ന് നടന്ന മുംബൈ സ്ഫോടനപരമ്പരയെത്തുടര്ന്നാണ് മുംബൈ അധോലോകം അടക്കിഭരിച്ചിരുന്ന ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലേക്കു കടന്നത്.
കറാച്ചിയിലെ അബ്ദുള്ള ഖാസി ബാബ ദര്ഗയ്ക്കുസമീപം പ്രതിരോധ മേഖലയിലാണ് ദാവൂദിന്റെ താമസമെന്ന് ഇന്ത്യയിലുള്ള സഹോദരിയുടെ മകന് നേരത്തേ ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു.