ലക്ഷ്യം നേടുംവരെ സമാധാനമുണ്ടാകില്ല: വ്ളാദിമിർ പുടിൻ
Friday, December 15, 2023 2:11 AM IST
മോസ്കോ: യുക്രെയ്നിൽ റഷ്യ ഉന്നമിടുന്ന ലക്ഷ്യങ്ങൾ നേടുംവരെ സമാധാനമുണ്ടാകില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. തന്റെ വർഷാന്ത്യ വാർത്താസമ്മേളനത്തിന്റെ ആരംഭത്തിലായിരുന്നു പുട്ടിന്റെ പ്രഖ്യാപനം.
‘‘നാസിവത്കരണം, സൈനികവത്കരണം എന്നിവയുടെ തടയൽ, യുക്രെയ്നു നിഷ്പക്ഷ പദവി എന്നീ റഷ്യൻ ലക്ഷ്യങ്ങളിൽ മാറ്റമില്ല. 2022 ഫെബ്രുവരിയിൽ സൈന്യത്തെ യുക്രെയ്നിലേക്ക് അയയ്ക്കുന്പോൾ അതാണു ഞാൻ ലക്ഷ്യമിട്ടത്. ആ ലക്ഷ്യങ്ങൾ നേടുംവരെ സമാധാനമുണ്ടാകില്ല. 6.17 ലക്ഷത്തിനടുത്ത് സൈനികരെ യുക്രെയ്നിൽ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 2.4 ലക്ഷം പേർ പ്രഫഷണൽ സൈനികർക്കൊപ്പം യുദ്ധത്തിനായി വിളിക്കപ്പെട്ടവരാണ്’’- പുടിൻ പറഞ്ഞു.
യുക്രെയ്നിലേക്കു മൂന്നു ലക്ഷം റിസർവ് സൈന്യത്തെ വിന്യസിക്കുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പുടിൻ വിസമ്മതിച്ചു. പ്രതിദിനം 1500 പേരെ റഷ്യൻ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും 4.86 ലക്ഷം സൈനികർ റഷ്യൻ സൈന്യവുമായി കരാർ ഒപ്പിട്ടുകഴിഞ്ഞതായും പുടിൻ കൂട്ടിച്ചേർത്തു.
തീവ്ര ദേശീയവാദികളും നവനാസികളും യുക്രെയ്ൻ സർക്കാരിൽ പിടിമുറുക്കിയെന്നതാണ് ‘നാസിവത്കരണം’ എന്ന റഷ്യൻ ആരോപണണത്തിനു പിന്നിൽ. എന്നാൽ, യുക്രെയ്നും പാശ്ചാത്യ രാഷ്ട്രങ്ങളും ഈ ആരോപണം തള്ളുകയാണ്. യുക്രെയ്ൻ നാറ്റോ സഖ്യത്തിൽ ചേരുന്നതിനെയും പുടിൻ എതിർക്കുന്നുണ്ട്.
ശൈത്യകാല ഭീഷണി
മറ്റൊരു ശൈത്യകാലംകൂടി അടുത്തുവരുമ്പോള്‍, യുക്രെയ്നുള്ള പാശ്ചാത്യസഹായം നിലയ്ക്കുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്. സമീപകാലത്ത് ഒരു വിഭാഗത്തിനും യുദ്ധത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. കൂടുതൽ സഹായം ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അമേരിക്കയിലേക്കു യാത്ര ചെയ്തെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്നാണു സൂചന.
ലക്ഷ്യം പ്രതിച്ഛായ
യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം വിദേശ മാധ്യമങ്ങളോട് അകലം പാലിച്ച പുടിൻ, ഇക്കുറി പാശ്ചാത്യ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുമെന്നാണു സൂചന. കഴിഞ്ഞ വർഷം പുടിൻ വർഷാന്ത്യ വാർത്താസമ്മേളനം ഒഴിവാക്കിയിരുന്നു. മാത്രമല്ല, തന്റെ വാർഷിക അഭിസംബോധന ഫ്രെബ്രുവരിയിലേക്കു നീട്ടുകയും ചെയ്തു.
റഷ്യ യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പുകൾക്കിടെ 2021ലാണു പുടിൻ അവസാന വാർത്താസമ്മേളനം നടത്തിയത്. മാർച്ച് 17ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി റഷ്യയിലെ സാധാരണക്കാരുമായുള്ള സന്പർക്കം വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണു പുടിൻ ഇക്കുറി വർഷാന്ത്യ വാർത്താസമ്മേളനം നടത്തുന്നതെന്നാണു നിരീക്ഷകപക്ഷം.
20 ലക്ഷം ചോദ്യങ്ങള്‍
24 വർഷത്തെ ഭരണത്തിന്റെ തുടർച്ച ലക്ഷ്യമിട്ടു വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച പുടിനെ, വാർത്താസമ്മേളനത്തിനായി മോസ്കോയിലെ സെൻട്രൽ ഹാളിലേക്കു കൈയടികളോടെയാണു സ്വീകരിച്ചത്.
പതിവിനു വിപരീതമായി, ഇക്കുറി മാധ്യമപ്രവർത്തകർക്കു പുറമേ പൊതുജനങ്ങൾക്കും പുടിനോടു ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അധികൃതർ പൊതുജനങ്ങളിൽനിന്നു ഫോണിൽ ചോദ്യങ്ങൾ ശേഖരിക്കുകയാണ്. ഇതുവരെ 20 ലക്ഷം ചോദ്യങ്ങൾ പുടിനു ലഭിച്ചതായി സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു.