രാജകുടുംബത്തെ വിമർശിച്ച എംപിക്ക് ആറു വർഷം തടവ്
Thursday, December 14, 2023 12:24 AM IST
ബാങ്കോക്ക്: തായ്ലൻഡിൽ രാജകുടുംബത്തെ സോഷ്യൽ മീഡിയയിൽ വിമർശിച്ചുവെന്ന കേസിൽ വനിതാ എംപി റുക്ചാനോക് ഐസ് ശ്രിനോർക്കിന് (28) ബാങ്കോക്ക് കോടതി ആറു വർഷത്തെ തടവുശിക്ഷ വിധിച്ചു. ജയിലിൽ പോകുന്നതോടെ പാർലമെന്റ് അംഗത്വം നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്.
രാജാവിനും രാജകുടുംബത്തിനും എതിരേ ശബ്ദിക്കുന്നതു പോലും വലിയ കുറ്റകൃത്യമാക്കുന്ന വിവാദ നിയമം സർക്കാർ ദുരുപയോഗിക്കുന്നതായി ആരോപണമുണ്ട്.
റുക്ചാനോക്കിന്റെ മൂവ് ഫോർവേഡ് പാർട്ടി മേയിലെ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയതാണ്. വിവാദനിയമം പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന്റെ പേരിൽ പാർട്ടിയെ സർക്കാരുണ്ടാക്കാൻ അനുവദിച്ചില്ല.