ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി
Friday, June 16, 2023 10:41 PM IST
വത്തിക്കാൻ സിറ്റി: ഹെർണിയ രോഗം മൂലം ഉദരശസ്ത്രക്രിയയ്ക്കു വിധേയനായ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ രാവിലെ റോമിലെ ജെമേല്ലി ആശുപത്രിവിട്ട് വത്തിക്കാനിൽ തിരിച്ചെത്തി. ആരോഗ്യസ്ഥിതി സംബന്ധിച്ച് മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് “ഞാനിപ്പോഴും ജീവനോടെയുണ്ട്” എന്നാണ് അദ്ദേഹം തമാശയോടെ മറുപടി നല്കിയത്. ഒപ്പം ഗ്രീക്ക് തീരത്തുണ്ടായ അഭയാർഥി ബോട്ട് ദുരന്തത്തിൽ അഗാധദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.
മാർപാപ്പയുടെ ആരോഗ്യനില മുന്പത്തേക്കാളും മെച്ചപ്പെട്ടതായി ശസ്ത്രക്രിയ നടത്തിയ ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു. ജെമേല്ലി ആശുപത്രി ജീവനക്കാർ അടക്കമുള്ളവർ ചേർന്നാണു മാർപാപ്പയെ യാത്രയാക്കിയത്. കാറിൽ കയറുന്നതിനു മുന്പ് അദ്ദേഹം എല്ലാവരെയും അഭിവാദ്യം ചെയ്തു.
വത്തിക്കാനിലേക്കുള്ള യാത്രയ്ക്കിടെ റോമിലെ സാന്താമരിയ മേജർ ബസിലിക്കയിൽ കയറി പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്പിൽ പ്രാർഥിച്ചു. വത്തിക്കാനോടു ചേർന്നുള്ള മരിയ സാന്റിസ്സിമ ബംബീന ഇൻസ്റ്റിറ്റ്യൂട്ടിലെ സിസ്റ്റർമാരെ സന്ദർശിക്കുകയുമുണ്ടായി.
ജെമേല്ലി ആശുപത്രിയിൽ ഏഴിനായിരുന്നു ശസ്ത്രക്രിയ. ആശുപത്രി വിട്ടശേഷം അദ്ദേഹത്തിനു പതിവു പരിപാടികൾ നടത്തുന്നതിനും യാത്രയ്ക്കും തടസമുണ്ടാകില്ലെന്ന് ഡോക്ടർ നേരത്തേ അറിയിച്ചിരുന്നു.
മാർപാപ്പയുടെ ഞായറാഴ്ച വരെയുള്ള പരിപാടികൾ വത്തിക്കാൻ റദ്ദാക്കിയിരുന്നു. ഞായറാഴ്ച അദ്ദേഹം പതിവുപോലെ ത്രികാലജപ പ്രാർഥനയ്ക്കു നേതൃത്വം നല്കുമെന്ന് വത്തിക്കാൻ അറിയിച്ചു. എന്നാൽ പ്രതിവാര പൊതുദർശന പരിപാടി ബുധനാഴ്ച ഉണ്ടാകില്ല.
ഓഗസ്റ്റിൽ ആദ്യം മാർപാപ്പ ലോക യുവജനദിനാഘോഷത്തിൽ പങ്കെടുക്കാൻ പോർച്ചുഗൽ സന്ദർശിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനം മംഗോളിയയിലും പര്യടനം നടത്തും.