സമാധാനദൗത്യവുമായി ആഫ്രിക്കൻ നേതാക്കൾ; കീവിൽ സ്ഫോടനങ്ങൾ
Friday, June 16, 2023 10:41 PM IST
കീവ്: സമാധാനദൗത്യവുമായി ആഫ്രിക്കൻ നേതാക്കൾ കാലുകുത്തിയ ദിനം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഫോടനങ്ങൾ. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ, സെനഗൽ പ്രസിഡന്റ് മാക്കി സാൾ എന്നിവർക്കു പുറമേ സാംബിയ, യുഗാണ്ട, ഈജിപ്ത്, കോംഗോ, കൊമോറോ ദ്വീപുകൾ എന്നീ രാജ്യങ്ങളിലെ നേതാക്കളാണു സംഘത്തിലുള്ളത്.
ഇന്നലെ രാവിലെ കീവിൽ രണ്ടു സ്ഫോടനങ്ങൾ കേട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായതാണോ എന്നതിൽ വ്യക്തതയില്ല.
സിറിൾ റാമഫോസയും സംഘവും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞവർഷം റഷ്യൻ പട്ടാളം ഒട്ടേറെ ജനങ്ങളെ കൂട്ടക്കൊല ചെയ്ത ബുച്ച പട്ടണം സംഘം സന്ദർശിച്ചു. ഇന്നലെ വൈകുന്നേരംതന്നെ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബെർഗിലെത്തിയ സംഘം ഇന്ന് പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തും.
യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി ഉറപ്പാക്കലും പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യയിൽനിന്നു വളം ഇറക്കുമതി സാധ്യമാക്കലും ആഫ്രിക്കൻ സംഘത്തിന്റെ ലക്ഷ്യത്തിൽപ്പെടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
യുക്രെയ്നും റഷ്യയും യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള സാധ്യതയും അന്വേഷിക്കും.