അരുണാചലിലെ 27 സ്ഥലങ്ങൾക്കുകൂടി ചൈനീസ് പേരുകൾ
Thursday, May 15, 2025 1:09 AM IST
ന്യൂഡൽഹി: അരുണാചൽപ്രദേശിലെ 27 സ്ഥലങ്ങളെക്കൂടി പുനർനാമകരണം ചെയ്തു ചൈനയുടെ പ്രകോപനം. അരുണാചൽപ്രദേശിലെ 15 പർവതങ്ങളുടെയും നാല് ചുരങ്ങളുടെയും രണ്ടു നദികളുടെയും ഒരു തടാകത്തിന്റെയും അഞ്ച് ജനവാസമേഖലകളുടെയും പേര് മാറ്റുന്നതായി ചൈനയിലെ പൊതുജനകാര്യ (സിവിൽ അഫയേഴ്സ്) മന്ത്രാലയം ഈ മാസം 11നാണ് അറിയിച്ചത്.
യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് (എൽഎസി) ഇരുരാജ്യങ്ങളും സൈനികരെ പിൻവലിച്ചതിനുശേഷം ആദ്യമായാണു ചൈന വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിൽ അരുണാചലിലെ സ്ഥലങ്ങളുടെ പുനർനാമകരണം നടത്തുന്നത്.
ചൈനീസ് നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ചൈനയുടെ ഇത്തരം അർഥശൂന്യമായ ശ്രമങ്ങൾക്കൊണ്ടു യാഥാർഥ്യം തിരുത്താൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ വ്യക്തമാക്കി.
അരുണാചൽ ഇന്നലെയും ഇന്നും നാളെയും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നു വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ തത്വാധിഷ്ഠിതമായ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ അരുണാചലിലെ സ്ഥലങ്ങൾ പുനർനാമകരണം ചെയ്യാനുള്ള ചൈനീസ് നീക്കങ്ങളെ എതിർക്കുന്നുവെന്നും അറിയിച്ചു.
അരുണാചൽപ്രദേശ് തങ്ങളുടെ അധീനതയിലുള്ള തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചൈന അരുണാചലിന് ‘സാങ്നാൻ’ എന്നാണു പേരിട്ടിരിക്കുന്നത്.
ഇന്ത്യൻ നേതാക്കൾ അരുണാചൽ സന്ദർശിക്കുന്നതിനെതിരേ ചൈന നിരന്തരം പ്രതിഷേധവുമറിയിക്കാറുണ്ട്. ഇത് അഞ്ചാം തവണയാണ് വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ അവകാശം ചൂണ്ടിക്കാട്ടി അരുണാചലിലെ സ്ഥലങ്ങളെ ചൈന പുനർനാമകരണം ചെയ്യുന്നത്.
2017ൽ ആറു സ്ഥലങ്ങളുടെയും 2021ൽ 15 സ്ഥലങ്ങളുടെയും 2023ൽ 11 സ്ഥലങ്ങളുടെയും പേരുകൾ ചൈന മാറ്റിയിട്ടുണ്ട്.