കെപിസിസി രാഷ്ട്രീയകാര്യ സമിതി തുടരും
Thursday, May 15, 2025 2:04 AM IST
ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി തത്കാലം തുടരാൻ എഐസിസി നേതൃത്വം തീരുമാനിച്ചു. മുതിർന്ന നേതാക്കളിൽ അസ്വാരസ്യമുണ്ടാക്കുന്ന നടപടികൾ ഒഴിവാക്കാനും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫും ടീമംഗങ്ങളും രണ്ടാം ദിവസവും ഡൽഹിയിൽ നടത്തിയ ചർച്ചകളിൽ ധാരണയായി.
തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്പോൾ പുനഃസംഘടന എത്രയും വേഗം പൂർത്തീകരിക്കും. ഇതിനായി ബന്ധപ്പെട്ടവരുമായുള്ള ചർച്ചകൾക്ക് സണ്ണിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം നൽകും. ആവശ്യമുള്ള ഘട്ടങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ദീപാ ദാസ് മുൻഷിയും ഇടപെടും.
പ്രവർത്തകസമിതിയംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ തുടങ്ങിയവരെയും വിശ്വാസത്തിലെടുത്താകും ഡിസിസികളിലെ പുനഃസംഘടന നടപ്പാക്കുക.
ഡിസിസികൾക്ക് പുതിയ നേതൃത്വം വരുന്നതിനൊപ്പമോ, തൊട്ടുപിന്നാലെയോ കെപിസിസിയിലെ മറ്റു ഭാരവാഹികളെയും നിയമിക്കും. ബൂത്തുതലം വരെയുള്ള കമ്മിറ്റികളെ ഊർജസ്വലമാക്കാനും തെരഞ്ഞെടുപ്പിന് സജ്ജമാക്കാനുമാകും മുൻഗണന.
പാർട്ടിയിലെ ഐക്യത്തിൽ വിള്ളലുകളുണ്ടെന്ന ധാരണ പരത്തുന്ന രീതിയിൽ ചില മുതിർന്ന നേതാക്കൾ നടത്തുന്ന പ്രസ്താവനകളും നടപടികളും ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം വീണ്ടും നിർദേശിക്കും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് എഐസിസി, കെപിസിസി നേതാക്കൾക്കുള്ളത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുന്പ് കഴിയുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായെങ്കിലും ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്- എമ്മിനെ യുഡിഎഫിൽ തിരികെയെത്തിക്കണമെന്ന അഭിപ്രായം സജീവമാണെങ്കിലും ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ ഇന്നലെ ഉണ്ടായില്ല.