തദ്ദേശീയ ഡ്രോണ്‍ പ്രതിരോധ സംവിധാനം "ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു
Thursday, May 15, 2025 2:04 AM IST
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനമായ"ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു.
ഒഡീഷയിലെ ഗോപാൽപുർ സീവാർഡ് ഫയറിംഗ് റേഞ്ചിൽ ആർമി എയർ ഡിഫൻസിലെ (എഎഡി) മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു "ഭാർഗവാസ്ത്ര’യുടെ പരീക്ഷണം. ഡ്രോണ്‍ ആക്രമണത്തെ തടയാൻ താരതമ്യേന ചെലവ് കുറഞ്ഞ ഈ പ്രതിരോധസംവിധാനം സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.
ഹാർഡ് കിൽ മോഡിൽ രൂപകല്പന ചെയ്തിരിക്കുന്ന "ഭാർഗവാസ്ത്ര’യ്ക്ക് വായുവിലൂടെ 2.5 കിലോമീറ്റർ വരെ ദൂരത്തിൽ ചെറുതും വലുതുമായ ഡ്രോണുകൾ കണ്ടെത്തി ഇല്ലാതാക്കാനുള്ള നൂതന കഴിവുണ്ട്. ചെറുറോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇവ ഡ്രോണുകളെ ഇല്ലാതാക്കുന്നത്.
ദിശനിർണയ സംവിധാനം ഉള്ളത്, ഇല്ലാത്തത് എന്നിങ്ങനെ രണ്ടു തരത്തിലാണ് "ഭാർഗവാസ്ത്ര’ രൂപകല്പന ചെയ്തിരിക്കുന്നത്. ദിശനിർണയ സംവിധാനം ഇല്ലാത്ത ഡ്രോണുകൾ ആദ്യഘട്ട പ്രതിരോധം തീർക്കുന്പോൾ ദിശ നിർണായ സംവിധാനമുള്ളവ രണ്ടാംഘട്ട പ്രതിരോധം തീർക്കും. സമുദ്രനിരപ്പിൽനിന്ന് 5,000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ തടസമില്ലാതെ പ്രവർത്തിക്കാൻ ഇവയ്ക്കു സാധിക്കും.
ഒരേസമയം 64ലധികം ചെറുമിസൈലുകൾ വിക്ഷേപിക്കാൻ ഇവയ്ക്കു കഴിയും. സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎൽ) എന്ന കന്പനിയാണ് "ഭാർഗവാസ്ത്ര’രൂപകല്പന ചെയ്തു വികസിപ്പിച്ചത്.
ഇന്ത്യ-പാക് സംഘർഷസമയത്ത് അതിർത്തി മേഖലകൾ നിരവധി ഡ്രോണ്‍ ആക്രമണം നേരിട്ടിരുന്നു. റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്- 400 ഉപയോഗിച്ചായിരുന്നു ഇന്ത്യ പാക്കിസ്ഥാനെതിരേ വ്യോമപ്രതിരോധം തീർത്തത്.
താരതമ്യേന വിലകുറഞ്ഞ ഡ്രോണുകളായിരുന്നു ഇന്ത്യക്കെതിരേ ഉപയോഗിച്ചത്. എന്നാൽ ഇവയെ തകർക്കാൻ വിലകൂടിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിക്കുന്നത് സായുധസേനയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.
എന്നാൽ, ചെലവ് കുറഞ്ഞ വ്യോമപ്രതിരോധ സംവിധാനം സേനയുടെ ഭാഗമാകുന്പോൾ പ്രതിരോധം കൂടുതൽ മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടൽ.