പാക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു
Thursday, May 15, 2025 2:04 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏപ്രിൽ 23ന് പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ കസ്റ്റഡിയിലായ ബിഎസ്എഫ് കോണ്‍സ്റ്റബിൾ പൂർണം കുമാർ ഷായെ ഇന്ത്യക്കു കൈമാറി.
22 ദിവസത്തിനുശേഷമാണ് പഞ്ചാബിലെ വാഗ- അട്ടാരി അതിർത്തി വഴി ഷായെ ഇന്നലെ രാവിലെ പത്തരയോടെ പാക്കിസ്ഥാൻ ഇന്ത്യക്കു കൈമാറിയത്.
നിലവിലെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് സമാധാനപരമായിട്ടാണ് കൈമാറ്റം നടന്നതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതോടൊപ്പം രാജസ്ഥാൻ അതിർത്തിയിൽനിന്ന് ബിഎസ്എഫ് പിടികൂടിയ മുഹമ്മദ് അല്ലാഹ് എന്ന പാക് സൈനികനെ ഇന്ത്യ തിരികെ കൈമാറി.
ഇന്ത്യയിലെത്തിയ ഷായെ വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും വിധേയമാക്കി. അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നാണ് സേനാവൃത്തങ്ങൾ അറിയിച്ചത്.
പഞ്ചാബിലെ ഫിറോസ്പുരിലെ ബിഎസ്എഫിന്റെ 24-ാം ബറ്റാലിയൻ അംഗമാണ് പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശിയായ 40 വയസുള്ള പൂർണം കുമാർ ഷാ. പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്കു കടന്ന ഘട്ടത്തിൽ അതിർത്തി ഗ്രാമങ്ങളിലെ കർഷകരെ വിളകൾ നീക്കം ചെയ്യുന്നതിനുവേണ്ടി സഹായിക്കുന്പോഴായിരുന്നു ഇദ്ദേഹം പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ പിടിയിലായത്.
തുടർന്ന് പതിവ് ഫ്ലാഗ് മീറ്റിംഗിലൂടെയും മറ്റു നയപരമായ സംവാദത്തിലൂടെയും മോചനം ആവശ്യപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നീണ്ടുപോകുകയായിരുന്നു.
ബിഎസ്എഫ് ജവാൻ കസ്റ്റഡിയിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ കണ്ണു കെട്ടിയ ചിത്രം പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.