വിദേശകാര്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു
Thursday, May 15, 2025 1:09 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുപ്രകാരം രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്കൂടി അദ്ദേഹത്തിന്റെ സുരക്ഷയിൽ ഉൾപ്പെടുത്തും.
ജയ്ശങ്കറിനു നൽകിവരുന്ന ‘സെഡ്’ കാറ്റഗറി സുരക്ഷ രഹസ്യാന്വേഷണ എജൻസികൾ വിലയിരുത്തിയതിനുശേഷമാണ് സുരക്ഷ വീണ്ടും വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിക്കു സമീപമുള്ള സുരക്ഷാപരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിദേശകാര്യമന്ത്രിയുടെ സുരക്ഷ ‘വൈ’ കാറ്റഗറിയിൽനിന്നു ‘സെഡ്’ ആയി ഉയർത്തിയത്. ഇതോടെ ജയ്ശങ്കറിന്റെ സുരക്ഷാച്ചുമതല ഡൽഹി പോലീസിൽനിന്ന് സിആർപിഎഫ് ഏറ്റെടുക്കുകയും ചെയ്തു.
‘സെഡ്’ കാറ്റഗറി സുരക്ഷയിൽ സിആർപിഎഫിന്റെ 33 അംഗ കമാൻഡോസംഘമാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത്.
സിആർപിഎഫ് നിലവിൽ 200ലധികം ഉന്നതർക്ക് വിഐപി സുരക്ഷ നൽകുന്നുണ്ട്. അമിത് ഷാ, നിതിൻ ഗഡ്കരി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദലൈ ലാമ തുടങ്ങിയവർക്ക് നിലവിൽ സിആർപിഎഫാണ് സുരക്ഷയൊരുക്കുന്നത്.