മുൻ പ്രതിരോധ സെക്രട്ടറി അജയ് കുമാർ യുപിഎസ്സി ചെയർമാൻ
Thursday, May 15, 2025 1:09 AM IST
ന്യൂഡൽഹി: മുൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ചെയർമാനായി നിയമിച്ചു.
ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. മുൻ ചെയർമാൻ പ്രീതി സുദന്റെ കാലാവധി ഏപ്രിൽ 29ന് അവസാനിച്ചതിനെത്തുടർന്നാണ് അജയ് കുമാറിനെ കേന്ദ്രസർക്കാർ ശിപാർശ ചെയ്തത്. രാഷ്ട്രപതി അംഗീകാരം നൽകിയതോടെ നിയമനം പ്രാബല്യത്തിൽ വന്നു.
കേരള കേഡറിലെ 1985 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായ അജയ് കുമാർ 2019 ഓഗസ്റ്റ് 23 മുതൽ 2022 ഒക്ടോബർ 31 വരെയാണ് കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്.
ഉത്തർപ്രദേശ് സ്വദേശിയായ അജയ് കുമാർ കേരള സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എംഡിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം പ്രതിരോധ സെക്രട്ടറിയായിരുന്ന കാലത്താണ് ആത്മ നിർഭരത് ഭാരത്, അഗ്നിവീർ തുടങ്ങിയ പദ്ധതികൾക്കു കേന്ദ്രസർക്കാർ തുടക്കമിടുന്നത്.