ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായ് സത്യപ്രതിജ്ഞ ചെയ്തു
Thursday, May 15, 2025 2:04 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റീസായി ഭൂഷണ് രാമകൃഷ്ണ ഗവായ് അധികാരമേറ്റു. ഇന്നലെ രാവിലെ രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
സാധാരണയിൽനിന്നു വ്യത്യസ്തമായി ഹിന്ദിയിലായിരുന്നു ഗവായിയുടെ സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാർ, മുൻ ചീഫ് ജസ്റ്റീസ് തുടങ്ങിയവർ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു.
സുപ്രീംകോടതിയുടെ ചരിത്രത്തിലെ ആദ്യ ബുദ്ധമതവിശ്വാസിയും ദളിത് വിഭാഗത്തിൽനിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റീസുമാണ് ബി.ആർ. ഗവായ്. മലയാളിയായ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനാണ് ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ ചീഫ് ജസ്റ്റീസ്.
2019 മേയ് 24ന് സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ച ഗവായ് ഈ വർഷം നവംബർ 23ന് ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് വിരമിക്കും. ആറു മാസമാണ് ചീഫ് ജസ്റ്റീസായുള്ള കാലാവധി.
ഭരണഘടനാബെഞ്ചിൽ ഉൾപ്പെടെ മുന്നൂറോളം കേസുകളിൽ ജസ്റ്റീസ് ഗവായ് വിധിന്യായം എഴുതിയിട്ടുണ്ട്. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെ വിഷയത്തിൽ ഗവായിയുടെ നിലപാട് പ്രസക്തമായിരിക്കും.
ഇതോടൊപ്പം വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളിൽ അദ്ദേഹത്തിന്റെ തീരുമാനം നിർണായകമാകും. തെരഞ്ഞെടുപ്പ് ബോണ്ട്, നോട്ട് നിരോധനം തുടങ്ങിയവയ്ക്കെതിരേ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ബി.ആർ.ഗവായ്.