രാഹുൽ പരാജയപ്പെട്ട ഉത്പന്നമെന്നു ഖാർഗെയ്ക്കുള്ള മറുപടിക്കത്തിൽ നഡ്ഡ
Friday, September 20, 2024 1:07 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിനെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ. രാഹുലിനെതിരേ ബിജെപി നേതാക്കൾ വിദ്വേഷ പ്രചാരണങ്ങൾ ഉന്നയിക്കുന്നുവെന്ന് ആരോപിച്ചു പ്രധാനമന്ത്രിക്ക് ഖാർഗെ കത്തയച്ചതിനു പിന്നാലെയാണ് നഡ്ഡയുടെ മറുപടിക്കത്ത്.
ജനങ്ങൾ നിരവധി തവണ നിരസിച്ച ഒരു പരാജയപ്പെട്ട ഉത്പന്നമായ രാഹുലിനെ കോണ്‍ഗ്രസ് പോളിഷ് ചെയ്തു മിനുക്കാൻ നോക്കുകയാണെന്ന് നഡ്ഡ കത്തിൽ പറഞ്ഞു. രാഹുലിന്റെ സമ്മർദംമൂലം കോണ്‍ഗ്രസ് “കോപ്പി പേസ്റ്റ് പാർട്ടി’’യായി മാറിയെന്നും നഡ്ഡ ആരോപിച്ചു.
ബിജെപി നേതാക്കൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയച്ച ഖാർഗെ സ്വന്തം പാർട്ടിയിലെ നേതാക്കളുടെ പ്രവർത്തനങ്ങൾ മനഃപൂർവം അവഗണിക്കുകയാണെന്ന് നഡ്ഡ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരേ കോണ്‍ഗ്രസ് നേതാക്കൾ പലതവണ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളെപ്പോലും അപമാനിച്ചിട്ടുണ്ടെന്നും നഡ്ഡ കത്തിൽ വ്യക്തമാക്കി.
രാഹുൽഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപം പാരിതോഷികം നൽകാമെന്നും രാഹുൽ നന്നായി പെരുമാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ മുത്തശിയുടെ ഗതി തന്നെയായിരിക്കും അയാൾക്കു വരികയെന്നും ബിജെപി നേതാക്കൾ പരാമർശിച്ചിരുന്നു. ഇതിനെതിരേ നടപടി ആവശ്യപ്പെട്ടാണു ഖാർഗെ മോദിക്ക് കത്തയച്ചത്.