ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണം
Wednesday, July 2, 2025 1:00 AM IST
ന്യൂഡൽഹി: പഴകിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഇന്ധന നിയന്ത്രണം പ്രാബല്യത്തിൽ വന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇനി മുതൽ ഡൽഹിയിൽ ഇന്ധനം നിറയ്ക്കാൻ അനുവാദമില്ല.
ജൂലൈ ഒന്നു മുതൽ കാലപ്പഴക്കംചെന്ന വാഹനങ്ങൾ ഡൽഹിയിലെ നിരത്തിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ പദ്ധതിയാണ് ഇന്ധനം നിഷേധിക്കൽ. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും കാലാവധി കഴിഞ്ഞ വാഹനങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് പെട്രോളോ ഡീസലോ നൽകരുതെന്നാണ് സർക്കാർ പന്പുടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) നേരത്തേ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ച്, പെട്രോൾ പന്പുകളിലോ പൊതുസ്ഥലങ്ങളിലോ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ഇതിനുപുറമേ, എൻഡ്-ഓഫ്-ലൈഫ് (ഇഒഎൽ) നാലുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് 10,000 പിഴയും ഇരുചക്ര വാഹന ഉടമകൾക്ക് 5,000 പിഴയും ചുമത്തും.
ടോവിംഗ്, പാർക്കിംഗ് ഫീസ് എന്നിവയും നൽകണം. കൂടാതെ, വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യില്ലെന്നും ഡൽഹിയുടെ അധികാരപരിധിയിൽനിന്നും നീക്കം ചെയ്യുമെന്നും വ്യക്തമാക്കുന്ന ഒരു ഉറപ്പും ഉടമകൾ സമർപ്പിക്കണം.
ഡൽഹിയിലെ എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ കണ്ടെത്തുന്നതിനായി, നഗരത്തിലെ 500 ഓളം ഇന്ധന സ്റ്റേഷനുകളിൽ ഓട്ടോമേറ്റഡ് നന്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
എയർ ക്വാളിറ്റി മാനേജ്മെന്റ് പങ്കിട്ട ഡേറ്റ പ്രകാരം, ഡൽഹിയിൽ നിലവിൽ 62 ലക്ഷം എൻഡ് ഓഫ് ലൈഫ് വാഹനങ്ങളുണ്ട്. അവയിൽ 41 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്. അതേസമയം എൻസിആർ ജില്ലകളിലെ ആകെ ഇഒഎൽ വാഹനങ്ങളുടെ എണ്ണം ഏകദേശം 44 ലക്ഷമാണ് എന്നാണ് കണക്കുകൾ.
ഡൽഹിയിൽ നടപ്പാക്കിയ നിയന്ത്രണം അടുത്ത ഘട്ടമായി നവംബർ ഒന്നു മുതൽ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രിൽ ഒന്നു മുതൽ എൻസിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണു നീക്കം.