ഫാർമ ഫാക്ടറിയിൽ സ്ഫോടനം; 12 മരണം
Tuesday, July 1, 2025 2:51 AM IST
സംഗറെഡ്ഢി: തെലുങ്കാനയിലെ ഫാർമ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. 34 പേർക്കു പരിക്കേറ്റു.
പശമയിലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കന്പനിയിലെ റിയാക്ടറിലായിരുന്നു സ്ഫോടനം. അപകടസമയത്ത് ഫാക്ടറിയിൽ 150 പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു.
മരിച്ചവരെല്ലാം ഫാക്ടറി തൊഴിലാളികളാണ്. പരിക്കേറ്റ 12 പേരുടെ നില ഗുരുതരമാണ്. മരിച്ച ആറു പേരെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു. ഡ്രൈയിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 9.28നും 9.35നും മധ്യേയായിരുന്നു സ്ഫോടനം. തുടർന്ന് വൻതോതിൽ തീപടർന്നു. ഉടൻതന്നെ പത്ത് ഫയർ ഫൈറ്റിംഗ് എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു. തെലുങ്കാന മന്ത്രിമാരായ ദാമോദര രാജ നരസിംഹയും ജി. വിവേകും അപകടസ്ഥലം സന്ദർശിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നല്കും.