കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം; വ്യാപക പ്രതിഷേധം
Friday, March 5, 2021 12:36 AM IST
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരേ വ്യാപക പരാതി. തൃണമൂൽ കോണ്‍ഗ്രസ് പരാതി ഉന്നയിച്ചതിന് പുറമേ കോണ്‍ഗ്രസും എൻസിപിയും വിമർശനവുമായി രംഗത്തെത്തി. അതിനിടെ, വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പു കമ്മീഷനോട് വിശദീകരണം ആരാഞ്ഞു.
ഔദ്യോഗിക സംവിധാനങ്ങൾ പ്രധാനമന്ത്രി ദുരുപയോഗപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്. ബംഗാളിൽ പെട്രോൾ പന്പുകളിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ പരസ്യങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരേയും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പെട്രോൾ പന്പുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യചിത്രങ്ങൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.