അഫ്ഗാൻ ഭരണാധികാരികളുമായി ചർച്ച നടത്തി ഇന്ത്യ
Friday, November 8, 2024 1:27 AM IST
കാബൂൾ: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാൻ ഭരണകൂടവുമായി പാക്കിസ്ഥാന്റെ ചുമതലയുള്ള ഇന്ത്യൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെ.പി. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തി.
താലിബാൻ സ്ഥാപക നേതാവ് മുല്ലാ ഉമറിന്റെ മകനും ആക്ടിംഗ് പ്രതിരോധ മന്ത്രിയു മായ മുഹമ്മദ് യാക്കൂബ് മുജാഹിദുമായും മന്ത്രിമാരുമായി ഈ മാസം നാല്, അഞ്ച് തീയതികളിൽ കാബൂളിലായിരുന്നു കൂടിക്കാഴ്ച. അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായിയുമായും യുഎൻ ഏജൻസികളുടെ തലവന്മാരുമായും ഇന്ത്യൻ സംഘം പ്രത്യേകം കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ ജീവകാരുണ്യസഹായ വിതരണത്തെക്കുറിച്ചായിരുന്നു മുഖ്യമായും ചർച്ച നടന്നതെന്ന് ജെ.പി. സിംഗിനൊപ്പം നിൽക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പായി മുഹമ്മദ് യാക്കൂബ് മുജാഹിദ് കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക-രാഷ്ട്രീയ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ആക്ടിംഗ് വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയുമായി ചർച്ച നടന്നു. ഇന്ത്യയുമായി വ്യാപാരബന്ധം സുഗമമാക്കാൻ വീസാ നടപടികൾ സുതാര്യമാക്കണമെന്ന് മുത്തഖി ആവശ്യപ്പെട്ടു.
ഇറാനിലെ ചാബഹർ തുറമുഖം വഴിയുള്ള ഇന്ത്യയുടെ ചരക്കുകടത്തിൽ കാബൂളിലെ വ്യവസായ സമൂഹം സജീവമായി ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചാബഹർ തുറമുഖം പത്തുവർഷം പ്രവർത്തിപ്പിക്കാനുള്ള കരാറിൽ കഴിഞ്ഞ മേയിൽ ഇറാനുമായി ഇന്ത്യ ഒപ്പുവച്ചിരുന്നു.