ദുരന്ത പ്രതിരോധ, നിവാരണ പരിശീലനം കോൺഫറൻസ് ഇന്നു മുതൽ
1478908
Thursday, November 14, 2024 4:37 AM IST
തിരുവല്ല : ദുരന്തമുഖങ്ങളിൽ ആസൂത്രിതവും സംയോജിതവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രവർത്തന രീതികൾ ഏകോപിപ്പിച്ച് മെഡിക്കൽ ജീവനക്കാർ മുതൽ സാധാരണ ജനങ്ങൾ വരെയുള്ളവരെ പരിശീലിപ്പിക്കുന്നതിനും വേണ്ടി ദുരന്ത പ്രതിരോധ, നിവാരണ പരിശീലന അന്താരാഷ്ട്ര കോൺഫറൻസ് (യുണൈറ്റഡ് 2024) ഇന്നു മുതൽ 17 വരെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെമ്മോറിയൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ അമേരിക്കയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി, വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി തുടങ്ങി ആഗോള പ്രശസ്തരായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
ദുരന്തമുഖത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ചു വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, വീഡിയോകൾ, പോസ്റ്റർ പ്രദർശനങ്ങൾ, പരിശീലന പരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. ദുരന്തനിവാരണ മാർഗങ്ങളെ സംബന്ധിച്ചു മെഡിക്കൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നടത്തുന്നതിനായാണ് ഇത്തരമൊരു കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി മാനേജറുമായ റവ ഫാ സജോ പന്തപ്പള്ളിൽ പറഞ്ഞു.
ഡോക്ടർമാർ, നഴ്സുമാർ , മെഡിക്കൽ വിദ്യാർഥികൾ , കോളജ് - സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, എൻസിസി കേഡറ്റുകൾ തുടങ്ങി ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുവാൻ സന്നദ്ധതയുള്ളവർക്ക് കോൺഫറൻസിൽ പങ്കെടുക്കാം.