തീർഥാടനം തുടങ്ങാൻ നാളുകൾ മാത്രം : പാതകള്‍ കാടുമൂടി; ദിക്കറിയാതെ ശബരിമല തീർഥാടകർ വലയും
1477982
Sunday, November 10, 2024 6:49 AM IST
പുനലൂര്‍: ദക്ഷിണേന്ത്യയിൽ നിന്ന് ശബരിമല തീർഥാടകർ കടന്നു വരുന്ന കിഴക്കൻ മലയോര പാതയോരം കാടുമൂടിയും ദിശാസൂചക ബോർഡുകളിൽ വള്ളികളും മരച്ചില്ലകളും മൂടിക്കിടക്കുന്നതിനാൽ തീർഥാടകർ വലയും.
ദേശീയപാത ഉൾപ്പെടെ കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന പാതകള്‍ കാടുമൂടി കിടക്കുകയാണ്. വള്ളിച്ചെടികള്‍ പടര്‍ന്നുകയറി പാതയിലുടനീളം സ്ഥാപിച്ചിട്ടുള്ള സ്ഥലനാമ, ദിശാസൂചക ബോര്‍ഡുകള്‍ മറഞ്ഞ നിലയിലാണ്. മണ്ഡലകാലം ഈയാഴ്ച ആരംഭിക്കാനിരിക്കേ പാതകള്‍ തെളിക്കാന്‍ നടപടിയില്ല. ഇത് അപകട സാധ്യത കൂട്ടും. സ്ഥലവിവരം ലഭിക്കാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ ബുദ്ധിമുട്ടിലാകും.
കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പശ്ചിമഘട്ട മേഖലയിൽ ആരംഭിക്കുന്ന പുനലൂര്‍ മുതല്‍ സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവുവരെ 45 കിലോമീറ്റര്‍ ദൂരത്തിലും ഇതാണ് സ്ഥിതി. വലിയ കയറ്റങ്ങളും കൊക്കകളും നിറഞ്ഞതാണ് പുനലൂര്‍ കലയനാട്, പ്ലാച്ചേരി, താമരപ്പള്ളി ഭാഗങ്ങൾ.
ഇവിടെ ആറടിയിലധികം ഉയരത്തിലാണ് കാടുവളര്ന്നിട്ടുള്ളത്. ഇതുമൂലം റോഡിന്റെ വശങ്ങള് കൃത്യമായി മനസിലാക്കാന്‍ കഴിയുന്നില്ല. അതിനാൽ നാട്ടുകാരുടെവാഹനങ്ങളം പോലും രാത്രിയിൽ അപകടത്തിലാക്കുന്നു.
മറ്റൊരു പ്രധാനപാതയായ മലയോര ഹൈവേയിലും ഇതാണ് സ്ഥിതി. മിക്ക സ്ഥലനാമ സൂചികകളും മറഞ്ഞു. ദക്ഷിണേന്ത്യയിൽ നിന്ന് തമിഴ്നാട്ടിലൂടെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താറുണ്ട്. രാത്രികാലങ്ങളിൽ ഇവര്‍ക്ക് വഴികാട്ടിയാവുന്നത് സ്ഥലനാമ ബോര്‍ഡുകളാണ്.
നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള കാലത്താണ് തെന്മലയിലെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരികള്‍ എത്തുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവരെ ഇക്കുറി പാതയോരത്തെ കാട് ബുദ്ധിമുട്ടിലാക്കും.