ലിങ്ക് റോഡിന്റെ പുനർ നിർമാണം ത്വരിതപ്പെടുത്തണം: ആർഎസ്പി
1478296
Monday, November 11, 2024 6:23 AM IST
കൊല്ലം: ആശ്രാമം താലൂക്ക് കച്ചേരി ലിങ്ക് റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ആർഎസ്പി കൊല്ലം കോർപ്പറേഷൻ വടക്കുംഭാഗം ഡിവിഷൻ കൺവൻഷൻ ആവശ്യപ്പെട്ടു.
ഒരു വർഷമായി പുനർനിർമാണ പ്രവർത്തന ഭാഗമായി സഞ്ചാരയോഗ്യമല്ലാതായ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലുളള ലിങ്ക് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു.
ഇതുമൂലം പൊതുജനങ്ങൾക്ക് ഏറെ യാത്രാ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും ലിങ്ക് റോഡിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും കൺവൻഷൻആവശ്യപ്പെട്ടു.
വടക്കുംഭാഗം ഡിവിഷനിൽ കൂടി കടന്നുപോകുന്ന വണ്ണാൻ തോട് കോർപ്പറേഷൻ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം മാലിന്യം തള്ളാനും കൊതുകു വളർത്തലിനുള്ള കേന്ദ്രവുമാക്കിയിരിക്കുകയാണ്. ഗുരുതരമായ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും അടിക്കടി ഉണ്ടാക്കുന്നു. ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ വേണമെന്ന് ഡിവിഷൻ കൺവൻഷൻ ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ കൺവൻഷൻ തീരുമാനിച്ചു. ആർഎസ്പി യുടെ നേതൃത്വത്തിൽ നടക്കുന്ന കൊല്ലം കോർപ്പറേഷൻ ഫോക്കസ് 2025 എന്ന കാമ്പയിന്റെ ഭാഗമായി ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ടി.എൻ. വേലപ്പൻ നായർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കൈപ്പുഴ വി. റാം മോഹൻ, ഗിരീഷ് കുമാർ, കെ. ഉണ്ണികൃഷ്ണപിള്ള, എ.എൻ. സുരേഷ് ബാബു, തൃദീപ് എന്നിവർ പ്രസംഗിച്ചു.
കൺവൻഷനിൽ എൽഡിഎഫ് സർക്കാരിനെതിരേ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തതിന് ഏഴ് ദിവസം ജയിൽ വാസം അനുഭവിച്ച വടക്കും ഭാഗം ഡിവിഷനിലുള്ള ആർവൈഎഫ് നേതാവ് തൃദീപിനെ എം.എസ്. ഗോപകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. തൃദീപ് കൺവീനറായ 11 അംഗങ്ങളടങ്ങിയ ആർഎസ്പി വടക്കുംഭാഗം ഡിവിഷൻ കമ്മിറ്റിയെ കൺവൻഷൻ തെരഞ്ഞെടുത്തു.