കാഴ്ചയുടെ വിരുന്നൊ രുക്കി ബന്ദിപ്പൂപാടം; സൗന്ദര്യം നുകരാൻ കാഴ്ചക്കാരെത്തുന്നു
Wednesday, September 4, 2024 6:23 AM IST
കൊ​ട്ടാ​ര​ക്ക​ര: കൃ​ഷി വ​കു​പ്പു ജീ​വ​ന​ക്കാ​ര​ൻ വി​ള​യി​ച്ച ബ​ന്ദി​പ്പൂ പാ​ടം കാ​ണാ​ൻ അ​ക​ല​ങ്ങ​ളി​ൽ നി​ന്നു പോ​ലും കാ​ഴ്ച​ക്കാ​രെ​ത്തു​ന്നു. മ​ന​സി​ന് കു​ളി​ർ​മ ന​ൽ​കു​ന്ന മ​ഞ്ഞ​യും ചു​വ​പ്പും നി​റ​ങ്ങ​ളി​ൽ വി​രി​ഞ്ഞ ബ​ന്ദി​പ്പൂ​ക്ക​ൾ, വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന ഓ​ണ​ത്തു​മ്പി​ക​ളും ശ​ല​ഭ​ങ്ങ​ളും.കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കു​ക​യാ​ണ് ബ​ന്ദി​പ്പാ​ടം.

കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ലെ സൂ​പ്ര​ണ്ടും കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​യു​മാ​യ കോ​ട്ടാ​ത്ത​ല പ​ണ​യി​ൽ ശ്രീ​ഭ​വ​നി​ൽ(​പ​ന​ങ്ങാ​ട്ട്) സി.​ആ​ർ.​ശ​ര​ത് ച​ന്ദ്ര​നാ​ണ് ഓ​ണ​ക്കാ​ല​ത്തേ​ക്കു​ള്ള ബ​ന്ദി​ത്തോ​ട്ട​മൊ​രു​ക്കി​യ​ത്. മു​പ്പ​ത് സെ​ന്‍റ് ഭൂ​മി​യി​ൽ 1200 ബ​ന്ദി​ച്ചെ​ടി​ക​ളാ​ണ് ന​ട്ട​ത്. കൃ​ത്യ​മാ​യ പ​രി​ച​രണ​ത്തി​ലൂ​ടെ ചെ​ടി​ക​ൾ ത​ല​യു​യ​ർ​ത്തി വ​ള​ർ‌​ന്നു.

ഇ​പ്പോ​ൾ നി​റ​യെ മൊ​ട്ടി​ട്ടു പൂ​ത്തു. കൃ​ഷി​ക്കൂ​ട്ടം ഗ്രൂ​പ്പി​ലെ പ്ര​വ​ർ​ത്ത​ക​രും ബ​ന്ദി​ത്തോ​ട്ട​മൊ​രു​ക്കാ​ൻ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ ക​ണി വെ​ള്ള​രി​ക്കൃ​ഷി ചെ​യ്ത് ശ്ര​ദ്ധ നേ​ടി​യ ക​ർ​ഷ​ക​നാ​ണ് ശ​ര​ത് ച​ന്ദ്ര​ൻ. വെ​ണ്ട​യും ത​ക്കാ​ളി​യും വ​ഴു​ത​ന​യും ചു​ര​യ്ക്ക​യും പ​യ​റും മ​ത്ത​നു​മ​ട​ക്കം പ​ച്ച​ക്ക​റി കൃ​ഷി​യും ഈ ​ഓ​ണ​ക്കാ​ല വി​ള​വെ​ടു​പ്പി​ന് ത​യ്യാ​റാ​കു​ന്നു​ണ്ട്.


നെ​ടു​വ​ത്തൂ​ർ കൃ​ഷി ഭ​വ​നി​ൽ നി​ന്നാ​ണ് ബ​ന്ദി​ത്തൈ​ക​ൾ ന​ൽ​കി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ബ​ന്ദി​പ്പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പി​നും കൃ​ഷി​ഭ​വ​നും പ​ഞ്ചാ​യ​ത്തും മു​ൻ​കൈ​യെ​ടു​ക്കു​ന്നു. നാളെ അ​ത്തം നാ​ളി​ൽ രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എ.​അ​ഭി​ലാ​ഷ് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.