കൊല്ലം :ജില്ല 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ ജൂലൈ ഒന്നിന് തുടങ്ങും. സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ വൈകുന്നേരം നാലിന് തിരിതെളിയും.
ഒരു കൊല്ലം നീളുന്ന ആഘോഷ പരിപാടികളില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും സംഗമിക്കുമെന്ന് ആഘോഷ കമ്മിറ്റിയുടെ ചെയര്മാന് കൂടിയായ മന്ത്രി ബാലഗോപാല്‍ പറഞ്ഞു. താല്‍ക്കാലിക സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ ഒന്നിനാണ് ജില്ല രൂപീകൃതമായത്. കല, സാംസ്കാരിക, പൈതൃക, പാരമ്പര്യ, സാഹിത്യ മേഖലകളുടെ പ്രത്യേകതകളാണ് ആഘോഷത്തിന്റെ മുഖമുദ്രയാകുക. ചരിത്രപ്രാധാന്യം ഉള്‍ക്കൊണ്ടുള്ള പരിപാടികള്‍, കശുവണ്ടി വ്യവസായം, നാടകം, കഥാപ്രസംഗം, സഞ്ചാരത്തിനുള്ള പ്രാധാന്യം ഒക്കെ ചര്‍ച്ച ചെയ്യപ്പെടണം. സമസ്ത മേഖലകളും സ്പര്‍ശിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത മന്ത്രി ജെ. ചിഞ്ചുറാണി ജില്ലയുടെ സവിശേഷതകള്‍ ജനസമക്ഷം എത്തിക്കാനാകണമെന്ന് വ്യക്തമാക്കി. 75 വര്‍ഷത്തെ ചരിത്രം എത്രമാത്രം പ്രധാനമാണെന്ന് തിരിച്ചറിയാനുള്ള അവ സരമാക്കണം. എല്ലാവരുടേയും പങ്കാളിത്തമാണ് പ്രധാനമെന്നും കൂട്ടിച്ചേര്‍ത്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം താത്ക്കാലിക കമ്മിറ്റി രൂപീകരിച്ചു. ചെയര്മാന് ധനകാര്യ മന്ത്രി, മുഖ്യ രക്ഷാധികാരികള്‍ മൃഗസംരക്ഷണ - ഗതാഗത വകുപ്പ് മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍ എ മാര്‍ എന്നിവരും വൈസ് ചെയര്പേഴ്സരായി മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും കണ്‍വീനറായി ജില്ലാ കളക്ടര്‍, ജോയിന്റ് കണ്‍വീനര്‍ ആയി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമാണ് പ്രവര്‍ത്തിക്കുക.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം.മുകേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.കെ.ഗോപന്, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, റൂറല്‍ എസ്പി സാബു മാത്യു, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പങ്കെടുത്തു. മുന്‍മന്ത്രി ജെ. മെഴ്സികുട്ടിയമ്മ ഉള്‍പ്പടെ പ്രമുഖര്‍ ഓണ്‍ലൈനായി പങ്കെടുത്തു.