മഴപെയ്താൽ റോഡും തോടും തിരിച്ചറിയാൻ പ്രയാസം
1467848
Sunday, November 10, 2024 2:39 AM IST
പേരൂര്‍ക്കട: ശക്തമായ മഴ പെയ്തുകഴിഞ്ഞാല്‍ റോഡും തോടും തിരിച്ചറിയാനാകാത്ത വിധത്തിലാണ് മരുതൂര്‍ തോടിന്റെ അവസ്ഥ. കഴിഞ്ഞദിവസം ശക്തമായ മഴയിൽ ഓട്ടോയാത്രികനായ കല്ലയം സ്വദേശി വിജയന് മരുതൂര്തോട്ടില് വീണാണ് മരിച്ചു.
സുഹൃത്തായ സുരേഷുമൊത്ത് വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം. മരുതൂര്‍ ജംഗ്ഷനില്‍ നിന്നു കുളപ്പട ഭാഗത്തേക്കു തിരിയുമ്പോള്‍ കൈവരികള്‍ ഇല്ലാത്തതിനാല്‍ അപകടസാദ്ധ്യത കൂടുതലാണ്.
ഈ ഭാഗത്ത് ശക്തമായ വെള്ളം കയറിക്കഴിഞ്ഞാല്‍ വാഹനയാത്രികര്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. വെള്ളമെന്നു കരുതി വളവു തിരിയുന്നത് തോട്ടിലേക്കായിരിക്കും. കഴിഞ്ഞദിവസം സംഭവിച്ചതും ഇതാണ്. വീതി കുറവാണെങ്കിലും തോട്ടില്‍ ശക്തമായ വെള്ളമുണ്ടായിരുന്നു. റോഡുമായി ചേരുന്ന ഭാഗത്ത് സുരക്ഷാ കൈവരികള്‍ നിര്‍മിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു അത്യാഹിതം ഉണ്ടാകുമായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീഴ്ചയില്‍ കച്ചിത്തുരുമ്പായി ഒരു വൃക്ഷശിഖരം പിടിവള്ളിയായതാണ് സുരേഷിന്റെ ജീവന് രക്ഷിച്ചത്. വിജയന് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്ന് തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചത്.